International

ലോകത്ത് കോവിഡ് മരണം 5 ലക്ഷത്തിലേക്ക്; 24 മണിക്കൂറിനിടെ മാത്രം 5,000ത്തിലേറെ മരണം

രോഗ ബാധിതരുടെ എണ്ണം 98 ലക്ഷം പിന്നിട്ടു

ലോകത്ത് കോവിഡ് മരണം 5 ലക്ഷത്തിലേക്കടുക്കുന്നു. 24 മണിക്കൂറിനിടെ മാത്രം 5,000ത്തിലേറെ പേരാണ് മരിച്ചത്. രോഗ ബാധിതരുടെ എണ്ണം 98 ലക്ഷം പിന്നിട്ടു.

ബ്രസീലിലും മെക്സിക്കോയിലുമാണ് 24 മണിക്കൂറിനിടെ കൂടുതല്‍ മരണമുണ്ടായത്. രണ്ടിടങ്ങളിലുമായി മാത്രം 2,000ത്തോളം പേരാണ് മരിച്ചത്. അമേരിക്കയില്‍ 24 മണിക്കൂറിനിടെ 500ലേറെ പേരും മരിച്ചു. അമേരിക്കയില്‍ കോവിഡ് തലസ്ഥാനമായിത്തീര്‍ന്ന ന്യൂയോര്‍ക്കിന് സമാനമായി മറ്റു നഗരങ്ങളിലും രോഗികളുടെ എണ്ണം കുത്തനെ കൂടുകയാണ്. ഫ്ലോറിഡയില്‍ മാത്രം 24 മണിക്കൂറിനിടെ 8,942 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ആദ്യമായാണ് ഫ്ലോറിഡയില്‍ പ്രതിദിന വര്‍ദ്ധന 8,000 കടക്കുന്നത്. ആഭ്യന്തരപ്രശ്നങ്ങളോടൊപ്പം കോവിഡുമെത്തിയത് സിറിയയില്‍ ഒരു കോടിയോളം പേരെ കൂടി പട്ടിണിയിലേക്കെത്തിച്ചതായി യുഎന്‍ ഏജന്‍സിയായ ഡബ്ള്യൂ.എഫ്.ബി വ്യക്തമാക്കി. അതേസമയം ആഫ്രിക്കന്‍ രാജ്യങ്ങളില്‍ രോഗ വ്യാപനവും മരണവും കുറഞ്ഞുതന്നെ തുടരുകയാണ്. മഹാമാരിയെ നേരിടുന്നതിനായി 2,36,715 കോടിയിലധികം രൂപ ആവശ്യമാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.