International

കോവിഡ് അവസാനത്തെ മഹാമാരിയല്ല: മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

കോവിഡ് അവസാനത്തെ മഹാമാരിയല്ലെന്നും, എന്തിനേയും നേരിടാൻ പൊതുജനാരോഗ്യ സംവിധാനങ്ങൾ സജ്ജമാകണമെന്നും ലോകാരോഗ്യ സംഘടന. ലോകാരോഗ്യ സംഘടന മേധാവി ട്രെഡോഡ് അഥാനം ഗബ്രിയേസുസ് ആണ് നിർണ്ണായക വെളിപ്പെടുത്തൽ നടത്തിയത്. കാലാവസ്ഥ വ്യതിയാനവും മൃഗക്ഷേമവും കൈകാര്യം ചെയ്യാതെ മനുഷ്യാരോഗ്യം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ വിഫലമാണെന്നും അദ്ദേഹം പറഞ്ഞു. ദീഘവീക്ഷണം ഇല്ലാതെ പെട്ടെന്നുള്ള പ്രശ്നങ്ങളിൽ പണം ചിലവഴിച്ച ശേഷം ഇനിയുള്ള പ്രതിസന്ധികളെ മുൻകൂട്ടി പ്രതിരോധിക്കേണ്ടത് മറന്നുകളയുന്ന പ്രവണത അപകടകരമാണെന്നും ഡബ്ള്യു.എച്ച്.ഓ വക്താവ് കൂട്ടിച്ചേർത്തു. ആദ്യത്തെ അന്താരാഷ്ട്ര പകർച്ചവ്യാധി തയ്യാറെടുപ്പ് ദിനത്തിന്റെ ഭാഗമായി തയ്യാറാക്കിയ വിഡിയോ മെസ്സേജിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ചരിത്രം നോക്കിയാൽ മനസ്സിലാകും, ഇത് അവസാനത്തെ മഹാമാരിയല്ല. പകർച്ചവ്യാധികൾ ജീവിത യാഥാർഥ്യങ്ങളുടെ ഭാഗമാണ്. മനുഷ്യരുടെയും മൃഗങ്ങളുടെയും പ്രകൃതിയുടെയും ആരോഗ്യം തമ്മിലുള്ള ബന്ധത്തെ ഈ പകർച്ചവ്യാധികൾ നമുക്ക് മനസ്സിലാക്കി തരുന്നു. കാലാവസ്ഥ വ്യതിയാനവും മൃഗ ക്ഷേമവും കൈകാര്യം ചെയ്യാതെ മനുഷ്യരുടെ ആരോഗ്യം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ വിഫലമാണ്.”ട്രെഡോഡ് അഥാനം ഗബ്രിയേസുസ് പറഞ്ഞു. “വളരെകാലമായി ലോകമാകെ പരിഭ്രാന്തിയിലാണ്. ഒരു പകർച്ചവ്യാധി പൊട്ടിപ്പുറപ്പെടുമ്പോൾ നമ്മൾ പണം വാരി വിതറുന്നു. എന്നാൽ അത് അവസാനിക്കുമ്പോൾ അടുത്തതിനെ പ്രതിരോധിക്കാനുള്ള മാർഗങ്ങൾ നാം കണ്ടെത്തുന്നില്ല. ഇത് വളരെ അപകടകരമാണ്.” അദ്ദേഹം കൂട്ടിച്ചേർത്തു.