അമേരിക്കൻ കോൺഗ്രസ് ജോ ബൈഡന്റെ വിജയം ഔദ്യോഗികമായി അംഗീകരിച്ചു. ക്യാപിറ്റോളിന് പുറത്ത് ട്രംപ് അനുകൂലികളുടെ അക്രമത്തിന് ഇടയ്ക്കാണ് കോണ്‍ഗ്രസ് ബൈഡനെ വിജയിയായി പ്രഖ്യാപിച്ചത്. കഴിഞ്ഞ നവംബറിൽ നടന്ന പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ഇലക്ടറൽ കോളജിൽ 306 വോട്ടുനേടി ജോ ബൈഡൻ പ്രസിഡൻറ് പദം ഉറപ്പിച്ചിട്ടുണ്ട്. ട്രംപിന് 232 വോട്ടാണ് ലഭിച്ചത്. ജനുവരി 20ന് ട്രംപ് അധികാരം കൈമാറണം.
വ്യവസ്ഥാപിതമായ രീതിയില്‍ അധികാരം കൈമാറുമെന്ന് ട്രംപ് അറിയിച്ചു.
‘തിരഞ്ഞെടുപ്പ് ഫലത്തോട് എനിക്ക് തീര്‍ത്തും വിയോജിപ്പുണ്ടെങ്കിലും ജനുവരി 20 ന് ക്രമമായ ഒരു അധികാരകൈമാറ്റം ഉണ്ടാകും’ ട്രംപ് പ്രസ്താവനയില്‍ പറഞ്ഞു. ‘നിയമപരമായ വോട്ടുകള്‍ മാത്രം കണക്കാക്കുന്നുവെന്ന് ഉറപ്പാക്കാനുള്ള പോരാട്ടം തുടരുമെന്ന് താന്‍ എല്ലായ്പ്പോഴും പറഞ്ഞിട്ടുണ്ട്. പ്രസിഡന്റ് കാലയളവിലെ അവസാനത്തെയാണിപ്പോള് ഞാന്‍ പ്രതിനിധീകരിക്കുന്നതെങ്കിലും അമേരിക്കയെ വീണ്ടും മഹത്തരമാക്കാനുള്ള പോരാട്ടത്തിന്റെ തുടക്കം മാത്രമാണ്’ 2024 തിരഞ്ഞെടുപ്പില്‍ താന്‍ വീണ്ടും മത്സരിക്കുമെന്ന സൂചന നല്‍കികൊണ്ട് ട്രംപ് പറഞ്ഞു.