International

കാപിറ്റോൾ കലാപകാരികൾക്ക് പറക്കൽ നിരോധനം

അമേരിക്കയിലെ കാപ്പിറ്റോൾ അക്രമത്തിൽ പങ്കെടുത്ത കലാപകാരികളെ ‘പറക്കൽ നിരോധന ‘ പട്ടികയിൽ ഉൾപ്പെടുത്താൻ എഫ്.ബി.ഐ യോട് ഹോംലാൻഡ് ഹൗസ് സുരക്ഷാ പാനലിന്റെ അധ്യക്ഷ ബെന്നീ തോംപ്സൺ ആവശ്യപ്പെട്ടു. സംഭവത്തെ ‘ആഭ്യന്തര തീവ്രവാദ ആക്രമണം ‘എന്ന് വിശേഷിപ്പിച്ച അവർ അതിൽ പങ്കെടുത്ത ആരെയും പറക്കാൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടു. ബുധനാഴ്ചയാണ് സ്ഥാനമൊഴിയുന്ന അമേരിക്കൻ പ്രസിഡന്റ ഡൊണാൾഡ് ഡൊണാൾഡ് ട്രംപിന്റെ അനുയായികൾ നടത്തിയ റാലി അക്രമാസക്തമായി ക്യാപിറ്റോൾ ബിൽഡിങ്ങിലേക്ക് കയറുകയും കലാപം അഴിച്ചുവിടുകയുമായിരുന്നു.

“അമേരിക്കൻ കാപിറ്റോളിൽ നടത്തിയ ആഭ്യന്തര ഭീകരാക്രമണത്തിൽ പങ്കാളികളായ എല്ലാവരെയും തിരിച്ചറിഞ്ഞു പറക്കൽ നിരോധന ലിസ്റ്റിൽ ഉൾപ്പെടുത്തുവാൻ ഗതാഗത സുരക്ഷാ നിർവഹണ ഏജൻസിയോടും എഫ്.ബി.ഐ യോടും ഞാൻ അഭ്യർത്ഥിക്കുകയാണ്. അവരെ വിമാനങ്ങളിൽ നിന്നും മാറ്റി നിർത്തുകയാണ് വേണ്ടത്.”- അവർ പ്രസ്താവനയിൽ എഴുതി.

ടി.എസ്.എ ക്കും എഫ്.ബി.ഐ ക്കും അവരുടെ അധികാര പരിധിയിൽ നിന്ന് കൊണ്ട് തന്നെ ചെയ്യാവുന്ന കാര്യമാണ് ഇത്. അക്രമത്തിനു നേതൃത്വം കൊടുത്തവരെ നിയമത്തിനു മുന്നിൽ കൊണ്ട് വരിക തന്നെ വേണം.

അക്രമകാരികളെ തിരിച്ചറിയാൻ ജനങ്ങളോട് സഹായിക്കണമെന്ന് ആവശ്യപ്പെട്ടു എഫ്.ബി.ഐ ട്വീറ്റ് ചെയ്തതിനു പിന്നാലെയാണ് തോംപ്‌സണിന്റെ പ്രസ്താവന.കലാപം,രാജ്യദ്രോഹം തുടങ്ങിയ വകുപ്പുകൾ ചുമത്തി അക്രമകാരികൾക്കെതിരെ നടപടിയെടുക്കുമെന്ന് നീതി വകുപ്പ് പറഞ്ഞു.

അക്രമത്തെ ഡെമോക്രാറ്റുകൾ ഐക്യഖണ്ഡേന അപലപിച്ചു. ചിലർ വീഡിയോയിലൂടെ അക്രമം തുടരാൻ ട്രംപ് പ്രേരിപ്പിക്കുകയാണെന്നു വിമർശിച്ചു. പോലീസിന്റെ വെടിയേറ്റ് മരിച്ച സ്ത്രീയടക്കം മൊത്തം നാല് പേരാണ് അക്രമത്തിൽ കൊല്ലപ്പെട്ടത്.