International

അഴിമതി ആരോപണം; കൊവാക്സിൻ കരാർ റദ്ദാക്കാനൊരുങ്ങി ബ്രസീൽ

ഭാരത് ബയോടെക്ക് നിർമ്മിക്കുന്ന കൊവാക്സിൻ വാങ്ങാനുള്ള കരാറ് റദ്ദാക്കാനൊരുങ്ങി ബ്രസീൽ. 324 മില്ല്യൺ ഡോളറിൻ്റെ കരാറാണ് ബ്രസീൽ റദ്ദാക്കാനൊരുങ്ങുന്നത്. വാക്സിൻ ക്രമക്കേട് ആരോപണത്തിൽ പ്രസിഡൻ്റ് ജൈർ ബോൽസൊനാരോ കുടുങ്ങിയതിനു പിന്നാലെ ആരോഗ്യമന്ത്രി മാഴ്സലോ ക്വിറോഗ ഇക്കാര്യം വ്യക്തമാക്കിയത്.

20 മില്ല്യൺ കൊവാക്സിൻ ഡോസുകൾ വാങ്ങാനായിരുന്നു തീരുമാനം. എന്നാൽ, കരാറിൽ അഴിമതിയുണ്ടെന്നും പ്രസിഡൻ്റ് ക്രമക്കേടുകൾ നടത്തിയെന്നും ആരോപണങ്ങൾ ഉയർന്നതിനു പിന്നാലെയാണ് തീരുമാനം. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം കരാറിൽ ക്രമക്കേടില്ലെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. എന്നാൽ, ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ കരാർ റദ്ദാക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചിരിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തിൽ അന്വേഷണം നടക്കുകയാണ്. ഉയർന്ന വിലയും പെട്ടെന്നുള്ള കരാർ പൂർത്തിയാക്കലുമൊക്കെ സംശയങ്ങൾക്ക് ഇടവരുത്തിയിരുന്നു. ഫെബ്രുവരിയിലാണ് കരാർ ഒപ്പുവച്ചത്.

അതേസമയം, കൊവാക്സിൻ ഇറക്കുമതി ചെയ്യാൻ നിബന്ധനകളോടെയാണ് ബ്രസീൽ അനുമതി നൽകിയിരുന്നത്. രാജ്യത്തെ ആരോഗ്യ നിരീക്ഷണ ഏജൻസിയായ അൻവിസ, നേരത്തെ കൊവാക്സിൻ ഇറക്കുമതി ചെയ്യാൻ അനുമതി നിഷേധിച്ചിരുന്നു. ഇന്ത്യയിലെ പ്ലാന്റിൽ ശരിയായ ഉൽപാദനരീതി പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്. ഉൽപാദനരീതിയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി ഭാരത് ബയോടെക്ക് അൻവിസയ്ക്ക് റിപ്പോർട്ടു നൽകിയതിനു പിന്നാലെയാണ് അനുമതി ലഭിച്ചത്.