International

കൊറോണ വൈറസ് പ്രതിസന്ധിക്കിടെ ഏറ്റവും കൂടുതല്‍ പണം നഷ്ടപ്പെട്ട മനുഷ്യന്‍

ഏകദേശം 2,26,719 കോടി രൂപയാണ് ഈ ഫ്രഞ്ചുകാരന് കൊറോണ വൈറസ് പ്രതിസന്ധിയെ തുടര്‍ന്ന് നഷ്ടം വന്നിരിക്കുന്നത്…

ഫോബ്‌സിന്റെ ലോകത്തെ പണക്കാരുടെ പട്ടികയില്‍ ലോകത്ത് മൂന്നാം സ്ഥാനത്താണ് ഫ്രഞ്ചുകാരനായ ബെര്‍ണാഡ് അര്‍നൗള്‍ട്ട്. ആഢംബര ബ്രാന്‍ഡായ എല്‍.വി.എം.എച്ചിന്റെ മേധാവിയായ യൂറോപിലെ ഏറ്റവും വലിയ സമ്പന്നന്‍. ഈ കൊറോണ വൈറസ് പ്രതിസന്ധിയെ തുടര്‍ന്ന് അര്‍നൗള്‍ട്ടിന് നഷ്ടമായത് 30 ബില്യണ്‍ ഡോളറെന്നാണ്(ഏകദേശം 2,26,719 കോടി രൂപ) റിപ്പോര്‍ട്ട്.

ലൂയിസ് വുട്ടണും സെഫോറയും അടക്കം 70 ആഢംബര ബ്രാന്‍ഡുകളാണ് 70കാരനായ അര്‍നൗള്‍ട്ടിന്റെ ഉടമസ്ഥതയിലുള്ളത്. കൊറോണ പ്രതിസന്ധിയെ തുര്‍ന്ന് എല്‍.വി.എം.എച്ചിന്റെ ഓഹരികളില്‍ 19 ശതമാനം ഇടിഞ്ഞുവെന്നാണ് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. അതിനര്‍ഥം അര്‍നൗള്‍ട്ടിന് 30 ബില്യണ്‍ ഡോളര്‍ നഷ്ടം സഹിക്കേണ്ടിവന്നുവെന്നു കൂടിയാണ്. ഇതോടെയാണ് അര്‍നൗള്‍ട്ടിനെ കൊറോണ കാലത്ത് ലോകത്തെ ഏറ്റവും കൂടുതല്‍ ധനനഷ്ടം സംഭവിച്ച വ്യക്തിയായി ബ്ലൂംബര്‍ഗ് തെരഞ്ഞെടുത്തത്.

മെയ് ആറ് വരെയുള്ള കണക്കില്‍ ആമസോണ്‍ മേധാവി നേടിയിട്ടുള്ള അത്രയും പണം കൊറോണക്കിടെ ബെര്‍ണാഡ് അര്‍നൗള്‍ട്ടിന് നഷ്ടം വന്നു. തന്റെ പ്രധാന വരുമാനമാര്‍ഗമായ ആഢംബര വസ്തുക്കളുടെ വില്‍പന മാസങ്ങളായി ആഗോളതലത്തില്‍ നടക്കാതെ വന്നതാണ് അര്‍നൗള്‍ട്ടിന് തിരിച്ചടിയായത്. അര്‍നൗള്‍ട്ടിന്റെ ലൂയിസ് വുയിട്ടണ്‍ എന്ന ബ്രാന്റില്‍ നിന്നു മാത്രം 45 ശതമാനമാണ് ലാഭമെന്നാണ് കണക്കാക്കിയിരുന്നത്.

കഴിഞ്ഞ നവംബറിലെ കരാര്‍ പ്രകാരം ആഭരണ നിര്‍മ്മാതാക്കളായ ടിഫാനി ആന്റ് കമ്പനിക്ക് 16 ബില്യണ്‍ ഡോളര്‍ നല്‍കാനുമുണ്ട്. ബ്ലൂംബര്‍ഗിന്റെ വിലയിരുത്തലില്‍ ലോകത്തെ എക്കാലത്തേയും വലിയ ആഢംബര ഏറ്റെടുക്കല്‍ കൂടിയായിരുന്നു ഇത്. ഇപ്പോഴും 77 ബില്യണ്‍ ഡോളര്‍ ആസ്തിയുണ്ട് അര്‍നൗള്‍ട്ടിന്. അതുകൊണ്ട് നിലവിലെ പ്രതിസന്ധിയും മറികടക്കാനാകുമെന്നാണ് അദ്ദേഹത്തിന്റെയും കമ്പനിയുടേയും പ്രതീക്ഷ.