International

വിനോദസഞ്ചാരികൾക്കായി അതിർത്തി തുറക്കാന്‍ ആസ്‌ട്രേലിയ

രണ്ടു വർഷത്തെ ഇടവേളയ്ക്കുശേഷം രാജ്യാന്തര വിനോദസഞ്ചാരികൾക്കായി വീണ്ടും രാജ്യാതിർത്തി തുറക്കാൻ ആസ്‌ട്രേലിയ. വാക്‌സിനെടുത്ത വിനോദസഞ്ചാരികൾക്ക് ഉടൻ തന്നെ രാജ്യത്ത് പ്രവേശനം അനുവദിക്കുമെന്ന് ആസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ പ്രഖ്യാപിച്ചു. രണ്ട് ഡോസ് വാക്‌സിനെടുത്തവരാണെങ്കിൽ നിങ്ങളെ സ്വീകരിക്കുന്ന കാര്യം ആലോചിക്കാനിരിക്കുകയാണെന്ന് മോറിസൻ അറിയിച്ചു.

ഈ മാസം 21 മുതൽ രാജ്യാന്തര വിനോദസഞ്ചാരികൾക്ക് ആസ്‌ട്രേലിയ പ്രവേശനം അനുവദിക്കുമെന്നാണ് സൂചന. കോവിഡിന്റെ തുടക്കം മുതൽ ഏറ്റവും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ രാജ്യങ്ങളിലൊന്നാണ് ആസ്‌ട്രേലിയ. സ്വന്തം പൗരന്മാർ, താമസക്കാർ, വിദഗ്ധ കുടിയേറ്റക്കാർ, സീസണൽ തൊഴിലാളികൾ, അന്താരാഷ്ട്ര വിദ്യാർത്ഥികൾ എന്നിവർക്കുമാത്രമാണ് കോവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ ശേഷം ആസ്‌ട്രേലിയ പുറത്തുനിന്ന് പ്രവേശനം അനുവദിച്ചിരുന്നത്.

2020 മാർച്ചിലാണ് ആസ്‌ട്രേലിയ അതിർത്തികൾ അടച്ചത്. തുടക്കത്തിൽ ആസ്‌ട്രേലിയൻ പൗരന്മാർക്ക് മാത്രമായിരുന്നു നിയന്ത്രണങ്ങൾക്കുശേഷം പ്രവേശനം അനുവദിച്ചിരുന്നത്. കഴിഞ്ഞ ഡിസംബർ മുതലാണ് വിദഗ്ധ കുടിയേറ്റക്കാർക്കും ചില അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കുംകൂടി അനുമതി നൽകിയത്.

കടുത്ത നിയന്ത്രണങ്ങൾക്കിടയിൽ 27 ലക്ഷം പേർക്കാണ് ആസ്‌ട്രേലിയയിൽ കോവിഡ് സ്ഥിരീകരിച്ചത്. 4,248 കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു. വാക്‌സിനേഷന് യോഗ്യരായ 80 ശതമാനം പേരും കുത്തിവയ്‌പ്പെടുത്തു കഴിഞ്ഞിട്ടുണ്ട്.