രാജ്യം വിട്ടതിൽ വിശദീകരണവുമായി അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഗനി. അഫ്ഗാനിസ്താൻ വിട്ടത് രക്തചൊരിച്ചിൽ ഒഴിവാക്കാനാണെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ അഷ്റഫ് ഗനി വ്യക്തമാക്കി. (ashraf ghani fb post)
എനിക്ക് മുന്നിൽ രണ്ട് മാർഗങ്ങളെ ഉണ്ടായിരുന്നുള്ളു. ഒന്നുകിൽ കൊട്ടാരത്തിലേക്ക് പ്രവേശിക്കാനൊരുങ്ങുന്ന താലിബാനെ നേരിടുക, അല്ലെങ്കിൽ കഴിഞ്ഞ 20 വർഷമായി ഞാൻ സംരക്ഷിച്ചുപോന്ന എന്റെ രാജ്യം വിടുക. താലിബാൻ എത്തിയത് കാബൂളിനെ അക്രമിക്കാനാണ്, കാബൂളഅ ജനങ്ങളെ അക്രമിക്കാനാണ്. ആ രക്തച്ചൊരിച്ചിൽ ഒഴിവാക്കാൻ ഞാൻ പോകുന്നതായിരുന്നു നല്ലത്.
താലിബാൻ തോക്കുകൾ കൊണ്ടുള്ള നീതിയാണ് സ്വന്തമാക്കിയത്. എന്നാൽ അവർക്കത് നിയമസാധുത നേടികൊടുക്കുമോ ? ജനഹൃദയങ്ങൾ നേടാൻ അവർക്ക് സാധിക്കുമോ ? ചരിത്രം ഒരിക്കലും ഇത്തരം അധികാരമാറ്റത്തിനെ പിന്തുണച്ചിട്ടില്ല. താലിബാനും അത് ലഭിക്കില്ല.
– അഷ്റഫ് ഗനി
ഇന്നലെ രാവിലെയോടെ താലിബാൻ അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ പ്രവേശിച്ചതിന് പിന്നാലെ ഇന്നലെ ഉച്ചയോടെയാണ് അഫ്ഗാൻ സർക്കാർ താലിബാന് കീഴടങ്ങിയെന്ന വാർത്ത പുറത്തു വരുന്നത്. താലിബാൻ കാബൂൾ വളഞ്ഞപ്പോൾ തന്നെ അഫ്ഗാൻ സർക്കാർ കീഴടങ്ങുകയാണെന്ന് സൂചന വന്നിരുന്നു. താലിബാന് വഴങ്ങുന്ന സമീപനമായിരുന്നു സൈന്യത്തിന്റെ ഭാഗത്തു നിന്നും സർക്കാരിന്റെ ഭാഗത്തു നിന്നുമുണ്ടായത്. ഇതിന് പിന്നാലെയാണ് അഷ്റഫ് ഗനി രാജ്യം വിട്ടെന്ന വാർത്ത പുറത്ത് വന്നത്.
അതേസമയം, അഫ്ഗാൻ പ്രസിഡന്റിന്റെ കൊട്ടാരത്തിൽ നിന്ന് ദേശീയ പതാക താലിബാൻ നീക്കി. പകരം താലിബാൻ പതാക സ്ഥാപിച്ചു. താലിബാൻ നേതൃത്വത്തിൽ പുതിയ സർക്കാർ രൂപീകരണ ചർച്ച അന്തമിഘട്ടത്തിലാണ്.
അഫ്ഗാനിസ്താനിലെ പ്രധാന ഓഫിസുകളുടെ നിയന്ത്രണം താലിബാൻ ഏറ്റെടുത്തു. ഭരണത്തിന് മൂന്നംഗ താത്കാലിക സമിതിയെ ഏർപ്പെടുത്തിയിട്ടുണ്ട്. മുൻ പ്രസിഡന്റ് ഹമീദ് കർസായിയുടെ നേതൃത്വത്തിലുള്ള സമിതിയിൽ താലിബാൻ അംഗവുമുണ്ട്. മുൻ പ്രധാനമന്ത്രി ഗുൽബുദീൻ ഹെക്മത്യാർ, അബ്ദുല്ല അബ്ദുല്ല എന്നിവരും സമിതിയിൽ ഉൾപ്പെടുന്നു.
അതിനിടെ,അഫ്ഗാൻ-താലിബാൻ വിഷയം ചർച്ച ചെയ്യാൻ യു എൻ രക്ഷാ സമിതി യോഗം ഇന്ന് ചേരും . രാവിലെ 10 നാണ് യോഗം ആരംഭിക്കുക. അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികള്‍ രൂക്ഷമാകുന്നതിനിടെ യു എൻ രക്ഷാ സമിതി അടിയന്തര യോഗം വിളിക്കുകയായിരുന്നു.