International

വംശവെറിക്കെതിരായ പ്രക്ഷോഭം കൂടുതല്‍ രാജ്യങ്ങളിലേക്ക്: ഫ്രാന്‍സിലും ബ്രിട്ടനിലും ജപ്പാനിലും ആയിരങ്ങള്‍ തെരുവില്‍

ഫ്രഞ്ച് തലസ്ഥാനമായ പാരിസിൽ കൈകുഞ്ഞുങ്ങളെയുമായടക്കം ആയിരക്കണക്കിന് പേരാണ് പ്രതിഷേധ റാലി നടത്തിയത്.

അമേരിക്കയില്‍ ആഫ്രോ അമേരിക്കന്‍ വംശജര്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് ആരംഭിച്ച പ്രക്ഷോഭം കൂടുതല്‍ രാജ്യങ്ങളിലേക്ക് പടരുന്നു. ബ്രിട്ടണ് പിന്നാലെ ഫ്രാന്‍സിലും ആയിരങ്ങള്‍ തെരുവിലിറങ്ങി.

ഫ്രഞ്ച് തലസ്ഥാനമായ പാരിസിൽ കൈകുഞ്ഞുങ്ങളെയുമായടക്കം ആയിരക്കണക്കിന് പേരാണ് പ്രതിഷേധ റാലി നടത്തിയത്. യു.എസിൽ മാത്രമല്ല ഫ്രാൻസിലും വംശവെറി രൂക്ഷമാണെന്ന് പ്രക്ഷോഭകര്‍ ആരോപിച്ചു. സമരം മണിക്കൂറുകള്‍ നീണ്ടതോടെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.

ജപ്പാനിലെ ടോക്കിയോയിൽ നടന്ന പ്രകടനത്തിൽ 3500 പേർ പങ്കെടുത്തു. ന്യൂസിലൻഡിലെ ഓക്‌ലൻഡ് വെല്ലിങ്ടണിലും പ്രകടനങ്ങളിൽ ആയിരങ്ങൾ പങ്കെടുത്തു. ബ്ലാക് ലൈവ്സ് മാറ്റർ ബാനർ പ്രദർശിപ്പിച്ചാണ് ദക്ഷിണ കൊറിയയിലെ സോളിൽ യുഎസ് എംബസി സമരക്കാരെ വരവേറ്റത്.

കഴിഞ്ഞ ദിവസം അമേരിക്കയില്‍ പൊലീസ് വെടിവെപ്പില്‍ വീണ്ടും ആഫ്രോ അമേരിക്കന്‍ വംശജന്‍ കൊല്ലപ്പെട്ടതോടെയാണ് അന്തര്‍ദേശീയ തലത്തില്‍ വംശീയ വിരുദ്ധ പ്രക്ഷോഭം ശക്തിയാര്‍ജിച്ചത്. അമേരിക്കയില്‍ പ്രക്ഷോഭം ശക്തമായതോടെ, അറ്റ്ലാന്റയില്‍ പൊലീസ് മേധാവി രാജിവെച്ചു. ഡിപ്പാർട്ട്‌മെന്റില്‍ നിന്നും നഗര ഭരണാധികാരികളില്‍ നിന്നും വേണ്ടത്ര പിന്തുണ ലഭിക്കുന്നില്ല എന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം മിനിയാപൊളിസിലും ഏഴ് പോലീസ് ഉദ്യോഗസ്ഥർ രാജിവെച്ചിരുന്നു. ഇനിയും കൂടുതല്‍ പേർ രാജിവെക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജോര്‍ജ് ഫ്ലോയിഡിനെ ശ്വാസംമുട്ടിച്ച് കൊന്നതില്‍ അമേരിക്കയില്‍ പ്രതിഷേധം അലയടിക്കുന്നതിനിടെയാണ് മറ്റൊരു ആഫ്രോ അമേരിക്കന്‍ വംശജന്‍ കൂടി പൊലീസിന്റെ ക്രൂര കൃത്യത്തിന് ഇരയായത്. റെയ്‌ഷാഡ് ബ്രൂക്‌സ് എന്ന 27കാരനാണ് കൊല്ലപ്പെട്ടത്.

വെള്ളിയാഴ്ച രാത്രി 10.30- റസ്റ്റോറന്റില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് കാറില്‍ ഉറങ്ങുകയായിരുന്നു റെയ്ഷാഡ് ബ്രൂക്സ്. ഇതിനിടെയായിരുന്നു പൊലീസ് അതിക്രമം. വഴിതടസ്സപ്പെടുത്തി എന്നാരോപിച്ച് പൊലീസ് ആക്രോശിച്ചു. ഇത് പിന്നീട് കയ്യാങ്കളിയിലേക്ക് മാറി. അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ എതിര്‍ത്തെന്നും തോക്ക് തട്ടിയെടുത്തെന്നുമാണ് പൊലീസിന്‍റെ വാദം. അതുകൊണ്ടാണ് വെടിവെക്കേണ്ടിവന്നതെന്നും പൊലീസ് പറയുന്നു.

എന്നാല്‍ റെയ്‌ഷാഡ് ബ്രൂക്‌സിനെ വെടിവച്ചുകൊന്ന സംഭവത്തിന്റെ കൂടുതല്‍ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. തന്‍റെ കൈവശം ആയുധമില്ലെന്നും കീഴടങ്ങാന്‍ തയ്യാറാണെന്നും ബ്രൂക്സ് ഉദ്യോഗസ്ഥരോട് പറയുന്നതാണ് ദൃശ്യങ്ങളിലുള്ളത്‍.