ആഫ്രിക്കന്‍ യൂണിയനില്‍ നിന്ന് സുഡാനെ സസ്പെന്‍ഡ് ചെയ്തു. പ്രതിഷേധക്കാര്‍ക്കെതിരായ സൈനിക നടപടിയില്‍ പ്രതിഷേധിച്ചാണ് യൂണിയന്റെ നടപടി. സുഡാനില്‍ ജനാധിപത്യ ഭരണം നിലവില്‍ വരുന്നത് വരെ സസ്പെന്‍ഷന്‍ തുടരും.
നിലവിലെ സംഘര്‍ഷം തടയുന്നതിന് ജനാധിപത്യ സര്‍ക്കാര്‍ മാത്രമാണ് പോംവഴിയെന്നും ആഫ്രിക്കന്‍ യൂണിയന്‍ വ്യക്തമാക്കി. സമരക്കാര്‍ക്കെതിരായ നടപടിയില്‍ സൈനിക നേതൃത്വം അന്വേഷണം പ്രഖ്യാപിച്ചു.
രാജ്യത്തെ സൈനിക ഭരണത്തിനെതിരെ പ്രതിഷേധിച്ചവരെ ക്രൂരമായാണ് സൈന്യം നേരിട്ടത്. നിരവധി പേരാണ് കൊല്ലപ്പെട്ടത്. ഇതെ തുടര്‍ന്നാണ് ആഫ്രിക്കന്‍ യൂണിയന്റെ നടപടി. ജനാധിപത്യ സംവിധാനത്തിലുള്ള സര്‍ക്കാര്‍ നിലവില്‍ വരും വരെ യൂണിയനും സുഡാനും തമ്മിലുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിച്ചതായി ആഫ്രിക്കന്‍ യൂണിയന്‍ അറിയിച്ചു. എത്യോപ്യയിലെ ആഡിസ് അബാബയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
തിങ്കളാഴ്ചയാണ് സുഡാന്‍ തലസ്ഥാനമായ ഖര്‍ത്തൂമില്‍ പ്രതേഷേധം ശക്തമായത്. 108 പേരാണ് സൈനിക നടപടിക്കിടെ കൊല്ലപ്പെട്ടത്. അഞ്ഞൂറിലേറെ പേര്‍ക്ക് പരിക്കേറ്റു.
സംഭവത്തില്‍ കൃത്യമായ അന്വേഷണം വേണമെന്ന് ആഫ്രിക്കന്‍ യൂണിയന്‍ ചെയര്‍മാന്‍ മൂസ്സ ഫാകി മുഹമ്മദ് ആവശ്യപ്പെട്ടു. കൊല്ലപ്പെട്ട 40 സമരക്കാരുടെ മൃതദേഹം നൈല്‍ നദിയില്‍ നിന്നാണ് കണ്ടെത്തിയത്.