അഫ്ഗാനിസ്ഥാനില്‍ സുരക്ഷാ സേനയുടെ വെടിയേറ്റ് ഒരു കുടുംബത്തിലെ ആറ് പേര്‍ കൊല്ലപ്പെട്ടു. താലിബാനെതിരായി പ്രദേശത്ത് റെയ്ഡ് നടക്കുമ്പോൾ അബദ്ധത്തില്‍ വെടിവെച്ചതാണെന്നാണ് വിവരം.
അഫ്ഗാനിലെ കിഴക്കന്‍ പ്രവിശ്യയായ നാഗംര്‍ഹറിലാണ് സുരക്ഷാ സേനയുടെ ഭാഗത്തുണ്ടായ വീഴ്ചയില്‍ ഒരു കുടുംബത്തിലെ ആറ് പേര്‍ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ ഒരു സ്ത്രീയും രണ്ട് കുട്ടികളും ഉൾപ്പെടുന്നു. താലിബാന്‍ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാനായി കുടുംബം മറ്റൊരു സ്ഥലത്തേക്ക് മാറി താമസിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഇതിന്റെ ഭാഗമായി പുറപ്പെടാനൊരുങ്ങുമ്പോഴാണ് വാഹനത്തിന് നേരെ വെടി ഉതിര്‍ത്തത്. റെയ്ഡിനെ തുടര്‍ന്ന് വിവിധ ഇടങ്ങളിലായി പത്ത് പേര്‍ വേറെയും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. സൈന്യത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പ്രദേശവാസികളുടെ മൃതദേഹവുമായി നാട്ടുകാര്‍ പ്രതിഷേധിക്കുകയും ചെയ്തു. താലിബാനെതിരെ നടന്ന റെയ്ഡില്‍ നിരവധി ആളുകൾ ഇതിനു മുമ്പും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. യു.എന്‍ കണക്ക് പ്രകാരം ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള മൂന്ന് മാസ കാലയളവില്‍ 227 സാധാരണക്കാര്‍ സുരക്ഷാ സേനയുടെ വെടിയേറ്റ് മരിച്ചിട്ടുണ്ടെന്നും 736 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും പറയുന്നു. പുണ്യ മാസമായ റമദാനില്‍ സാധരണക്കാര്‍ക്കു നേരെ ഉണ്ടാകുന്ന ആക്രമണത്തില്‍ ഐക്യരാഷ്ട്ര സഭയും അനുശോചിച്ചിട്ടുണ്ട്. എന്നാല്‍ സൈന്യത്തിന്റെ ഭാഗത്തു നിന്നും കൃത്യമായ റിപ്പോര്‍ട്ട് ഈ കാര്യത്തില്‍ ലഭിച്ചിട്ടില്ല.