വെടിയേറ്റതിനെ തുടര്‍ന്ന് ജേക്കബ് ബ്ലേക്കിന് അരയ്ക്കു താഴേക്ക് തളര്‍ച്ച സംഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം എഴുന്നേറ്റ് നടക്കാന്‍ സാധ്യത കുറവാണ് എന്നും ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍
ജോര്‍ജ് ഫ്‌ളോയ്ഡിന്‍റെ കൊലപാതകത്തിന്‍റെ പ്രതിഷേധാഗ്നി അണയും മുന്നേ അമേരിക്കയില്‍ വീണ്ടും മറ്റൊരു കറുത്ത വംശജന് നേരെ പൊലീസ് ആക്രമണം. ജേക്കബ് ബ്ലേക്ക് ജൂനിയര്‍ എന്ന 29 കാരന് നേരെയാണ് പൊലീസ് അതിക്രമമുണ്ടായത്. അമേരിക്കയിലെ വിസ്‌കോന്‍സിന്‍ നഗരത്തില്‍ കനോഷയിലാണ് സംഭവം. ജേക്കബ് ബ്ലേക്ക് ജൂനിയറിന് നേരെ പൊലീസ് ഏഴുതവണ വെടിയുതിര്‍ക്കുകയായിരുന്നു. ഓഗസ്റ്റ് 23നായിരുന്നു സംഭവം.
രണ്ട് സ്ത്രീകള്‍ തമ്മില്‍ വഴക്കുണ്ടായപ്പോള്‍ ജേക്കബ് ബ്ലേക്ക് ജൂനിയര്‍ ഇടപെട്ട് അവരെ ശാന്തരാക്കാന്‍ ശ്രമിച്ചിരുന്നു. ഇതിനിടയിലാണ് പൊലീസ് സംഭവസ്ഥലത്തേക്ക് എത്തിയത്. പൊലീസിനെ കണ്ടതോടെ ജേക്കബ് ബ്ലേക്ക് ജൂനിയര്‍ തിരികെ കാറില്‍ കയറാന്‍ ശ്രമിച്ചു. അതോടെയാണ് പൊലീസ് വെടിവെച്ചത്. ബ്ലേക്കിന്‍റെ അരയ്ക്ക് താഴോട്ടേക്ക് പൊലീസ് ഏഴുതവണ വെടിയുതിര്‍ക്കുകയായിരുന്നു. ബ്ലേക്കിന്‍റെ മക്കളുടെ കണ്ണിനു മുമ്പില്‍വെച്ചായിരുന്നു ഈ പൊലീസ് ക്രൂരത.
ബ്ലേക്കിന് നേരെയുള്ള പൊലീസ് ക്രൂരത വെളിപ്പെടുത്തുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഈ വീഡിയോയില്‍ ബ്ലേക്കിന്‍റെ ഭാഗത്തുനിന്ന് പ്രകോപനമൊന്നും ഉണ്ടായിരുന്നില്ലെന്ന് വ്യക്തമാണ്. വെടിവെച്ചത് എന്തിനാണ് എന്നത് സംബന്ധിച്ച വിശദീകരണം പൊലീസിന്‍റെ ഭാഗത്തുനിന്നും പുറത്തുവന്നിട്ടില്ല. സംഭവത്തിൽ ഉൾപ്പെട്ട മൂന്ന് പൊലീസുകാരോട് അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. രണ്ടുവീട്ടുകാര്‍ തമ്മിലുള്ള തര്‍ക്കം സംബന്ധിച്ച പരാതി അന്വേഷിക്കാൻ എത്തിയതാണ് പൊലീസുകാർ എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകള്‍.
വെടിയേറ്റതിനെ തുടര്‍ന്ന് ജേക്കബ് ബ്ലേക്കിന് അരയ്ക്കു താഴേക്ക് തളര്‍ച്ച സംഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം എഴുന്നേറ്റ് നടക്കാന്‍ സാധ്യത കുറവാണ് എന്നാണ് ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ അറിയിച്ചതെന്നും ബ്ലേക്കിന്‍റെ അഭിഭാഷകന്‍ ബെന്‍ ക്രംപ് മാധ്യമങ്ങളെ അറിയിച്ചു. ബ്ലേക്കിന്‍റെ എല്ലുകള്‍ക്കും ആന്തരികാവയവങ്ങള്‍ക്കും ക്ഷതമേറ്റിട്ടുണ്ടെന്നും അഭിഭാഷകന്‍ കൂട്ടിച്ചേര്‍ത്തു.
ലൂയിസിയാനയിലെ ലാഫിയത്തിൽ വെള്ളിയാഴ്‌ച രാത്രി, മാനസികപ്രശ്‌നങ്ങൾക്ക് ചികിത്സ തേടുകയായിരുന്ന കറുത്തവംശക്കാരനായ യുവാവിനെ വെടിവച്ചു കൊന്നതിൽ രോഷം പടരുമ്പോഴാണ് അടുത്ത വംശീയ അക്രമമുണ്ടായിരിക്കുന്നത്.
ബ്ലോക്കിന് നേരെയുണ്ടായ അതിക്രമത്തിന് പിന്നാലെ വ്യാപക പ്രതിഷേധമാണ് കെനൊഷ നഗരത്തില്‍ നടക്കുന്നത്. നഗരത്തില്‍ ഗവര്‍ണര്‍ ടോണി എവെര്‍സ് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. അമേരിക്കന്‍ ആഫ്രിക്കന്‍ വംശജര്‍ക്കെതിരെ നടക്കുന്ന വംശവെറിയുടെ ഇരയാണ് ബ്ലേക്ക് എന്ന മുദ്രാവാക്യങ്ങളോടെ ഒരു ലക്ഷത്തോളം പ്രതിഷേധക്കാരാണ് രണ്ടുദിവസമായി തെരുവിലെത്തിയത്.
ബ്ലേക്കിന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് കുടുംബവും രംഗത്തെത്തിയിട്ടുണ്ട്. ബ്ലേക്കിന്‍റെ കൊലപാതകത്തിനെതിരെ നടക്കുന്ന പ്രതിഷേധത്തില്‍ അക്രമം ഉണ്ടാവരുതെന്ന് അമ്മ ജൂലിയ ജാക്‌സണ്‍ പറഞ്ഞു. തങ്ങളുടെ മൂന്ന് മക്കൾ കാറിന്‍റെ പിൻസീറ്റിൽ ഇരിക്കുമ്പോഴായിരുന്നു പൊലീസ് അതിക്രമമെന്ന് ജേക്കബ്ബിന്‍റെ ജീവിതപങ്കാളി ലാഖ്വിഷ ബുക്കർ പറഞ്ഞു.
മെയ് 25ന് കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ളോയിഡിനെ കഴുത്തില്‍ കാല്‍മുട്ടുകൊണ്ട് അമര്‍ത്തി പോലീസ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയിരുന്നു.