International

ഫലസ്തീൻ ഭൂമി കയ്യേറ്റം: ഇസ്രയേലിനെതിരെ തുറന്ന നിലപാടുമായി 11 യൂറോപ്യൻ രാജ്യങ്ങൾ

യു.എസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവെച്ച നയതന്ത്ര പദ്ധതിയുടെ ചുവടുപിടിച്ചാണ് ഫലസ്തീൻ ഭൂമി കയ്യേറുന്ന നീക്കവുമായി മുന്നോട്ടുപോകാൻ നെതന്യാഹു ഭരണകൂടം തീരുമാനിച്ചത്.

ഫലസ്തീൻ പ്രവിശ്യയായ വെസ്റ്റ്ബാങ്കിൽ അനധികൃത കുടിയേറ്റവും നിർമാണ പ്രവർത്തനവും നടത്തുന്ന ഇസ്രയേലിനെതിരെ ശക്തമായ നിലപാടുമായി യൂറോപ്യൻ യൂണിയനിലെ പതിനൊന്ന് അംഗരാജ്യങ്ങൾ. അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ചുകൊണ്ട് ഫലസ്തീൻ ഭൂമിയിൽ സയണിസ്റ്റ് രാഷ്ട്രം നടത്തുന്ന നിർമാണ പ്രവർത്തനങ്ങൾ നിർത്തിക്കുന്നതിനുള്ള വഴിതേടണമെന്നും എത്രയും വേഗം ഇക്കാര്യത്തിൽ തീരുമാനമെടുക്കണമെന്നും യൂറോപ്യൻ യൂണിയൻ വിദേശനയ തലവൻ ജോസപ് ബോറലിനയച്ച കത്തിൽ ഫ്രാൻസ്, ഇറ്റലി, ഹോളണ്ട്, ബെൽജിയം, സ്വീഡൻ, അയർലാന്റ്, ലക്‌സംബർഗ്, ഡെൻമാർക്ക് ഫിൻലാന്റ്, പോർച്ചുഗൽ, മാൾട്ട എന്നീ രാഷ്ട്രങ്ങളുടെ വിദേശമന്ത്രിമാർ ആവശ്യപ്പെട്ടു.

മെയ് 11-ന് ജോസപ് ബോറലുമായുള്ള കൂടിക്കാഴ്ചയിൽ, അധിനിവേശം നിർത്തിക്കുന്നതിന് ആവശ്യമായ വഴികൾ തേടണമെന്ന് വിദേശമന്ത്രിമാർ ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്ന് ജോസപ് ബോറൽ ഇക്കാര്യത്തിലുള്ള പ്രതികരണങ്ങൾ ശേഖരിച്ചുകൊണ്ടുള്ള ‘ഓപ്ഷൻസ് പേപ്പർ’ തയ്യാറാക്കാൻ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. എന്നാൽ, ഇതുവരെ ഓപ്ഷൻസ് പേപ്പർ തയ്യാറാക്കി വിദേശമന്ത്രിമാർക്ക് സമർപ്പിച്ചിട്ടില്ല. ഇതിനുപിന്നാലെയാണ് ശക്തമായ ഭാഷയിൽ മന്ത്രിമാർ കത്തയച്ചത്.

‘ഫലസ്തീൻ പ്രദേശത്ത് ഇസ്രയേൽ നടത്തുന്ന അധിനിവേശം യൂറോപ്യൻ യൂണിയൻ അംഗരാഷ്ട്രങ്ങൾ കടുത്ത ആശങ്കയോടെയാണ് കാണുന്നത്. താങ്കൾ നേരത്തെ വ്യക്തമാക്കിയതു പോലെ ഇസ്രയേലിന്റെ നടപടി അന്താരാഷ്ട്ര നിയമങ്ങൾക്കു വിരുദ്ധമാണ്.’

– കത്തിൽ പറയുന്നു.

ഓപ്ഷൻസ് പേപ്പർ തയ്യാറാക്കുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണെങ്കിലും അതിനായി അധികം സമയം അനുവദിക്കാനാവില്ലെന്നും അടുത്ത ചർച്ചകൾക്ക് ആധാരമാക്കാവുന്ന ശക്തമായ വസ്തുതകൾ അടങ്ങുന്നതാവണം പേപ്പറെന്നും അവർ പറയുന്നു.

വെസ്റ്റ്ബാങ്കില്‍ ഫലസ്തീന്‍ഭൂമി കയ്യേറി ഇസ്രയേല്‍ നിര്‍മിച്ച കെട്ടിടങ്ങള്‍
വെസ്റ്റ്ബാങ്കില്‍ ഫലസ്തീന്‍ഭൂമി കയ്യേറി ഇസ്രയേല്‍ നിര്‍മിച്ച കെട്ടിടങ്ങള്‍

ജൂലൈ ഒന്നിന് യു.എസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവെച്ച നയതന്ത്ര പദ്ധതിയുടെ ചുവടുപിടിച്ചാണ് ഫലസ്തീൻ ഭൂമി കയ്യേറുന്ന നീക്കവുമായി മുന്നോട്ടുപോകാൻ നെതന്യാഹു ഭരണകൂടം തീരുമാനിച്ചത്. ഇത് 1967-ലെ ഇരുരാഷ്ട്ര പരിഹാരത്തിനുള്ള വഴികൾ അടക്കുമെന്നും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ആരോപിച്ച് യൂറോപ്യൻ യൂണിയനും രംഗത്തുണ്ട്. ഇസ്രയേലിന്റെ ഭൂമി കയ്യേറ്റം അവസാനിപ്പിക്കുക എന്നത് ഹങ്കറി ഒഴികെയുള്ള ഇ.യു അംഗരാഷ്ട്രങ്ങളുടെ പൊതുനിലപാടാണെങ്കിലും ഇതിനോട് എങ്ങനെ പ്രതികരിക്കണമെന്ന കാര്യത്തിൽ സമവായമില്ല. ഇസ്രയേലുമായുള്ള നയതന്ത്രബന്ധം വഷളാകാത്ത വിധമുള്ള തീരുമാനം കൈക്കൊള്ളണമെന്നാണ് ജർമനി അടക്കമുള്ളവരുടെ നിലപാട്. എന്നാൽ, കടുത്ത നടപടികൾ വേണമെന്നും ഇസ്രയേലുമായുള്ള ബന്ധം പുനഃപരിശോധിക്കണമെന്നും 11 രാഷ്ട്രങ്ങൾ ആവശ്യപ്പെടുന്നു.

ഫലസ്തീൻ ഭൂമി കയ്യേറ്റം: ഇസ്രയേലിനെതിരെ തുറന്ന നിലപാടുമായി 11 യൂറോപ്യൻ രാജ്യങ്ങൾ

യൂറോപ്യൻ യൂണിയനുമായി പുതിയ കരാറുകളിൽ ഏർപ്പെടാൻ ഇസ്രയേലിനെ അനുവദിക്കാതിരിക്കുക, പുതിയ സഹകരണ കരാറുകൾ റദ്ദാക്കുക, അന്താരാഷ്ട്ര കരാർ പ്രകാരമുള്ള ഇസ്രയേലിനെയും അധിനിവിഷ്ട പ്രദേശത്തെയും വേർതിരിച്ചുകാണുക തുടങ്ങിയ ശിക്ഷാമാർഗങ്ങൾ യൂറോപ്യൻ യൂണിയൻ ചർച്ച ചെയ്യുന്നുണ്ടെന്ന് ഇസ്രയേലി മാധ്യമം ‘ഹാരെറ്റ്‌സ്’ റിപ്പോർട്ട് ചെയ്യുന്നു.

അധിനിവേശത്തിൽ നിന്ന് ഇസ്രയേലിനെ പിന്തിരിപ്പിക്കുന്നതിനായി ജർമൻ ചാൻസ്ലർ എയ്ഞ്ചല മെർക്കൽ, ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോൺ, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ തുടങ്ങിയവർ നെതന്യാഹുവിനെ നേരിട്ട് വിളിക്കുകയും ചെയ്തിരുന്നു. എന്നാൽ, ട്രംപിന്റെ പദ്ധതിയാണ് പ്രായോഗികം എന്ന് താൻ കരുതുന്നതായി നെതന്യാഹു ഇവർക്ക് മറുപടി നൽകുകയായിരുന്നു.