India

യുപിയില്‍ സിക ബാധിതരുടെ എണ്ണം കൂടുന്നു; കാണ്‍പൂരില്‍ പത്ത് പേര്‍ക്കുകൂടി രോഗം

ഉത്തര്‍പ്രദേശില്‍ സിക ബാധിതരുടെ എണ്ണം കൂടുന്നു. കാണ്‍പൂരില്‍ 10 പേര്‍ക്കുകൂടി സിക വൈറസ് ബാധിച്ചു. ഇതോടെ സംസ്ഥാനത്ത് സിക ബാധിതരുടെ ആകെ എണ്ണം 89ആയി. മൂന്ന് എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്കും സിക സ്ഥിരീകരിച്ചു. ശനിയാഴ്ച 13 പേര്‍ക്ക് സിക സ്ഥിരീകരിച്ചിരുന്നു. വൈറസ് ബാധിച്ചവരില്‍ 23 പേര്‍ 21 വയസിന് താഴെയുള്ളവരും 12 പേര്‍ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരുമാണ്.

വ്യാഴാഴ്ച മുതല്‍ അഞ്ഞൂറിലധികം പേരുടെ രക്തസാമ്പിളുകളാണ് ലഖ്‌നൗവിലെ കിംഗ് ജോര്‍ജ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലും പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലുമായി പരിശോധനയ്ക്കയച്ചത്. ഒക്ടോബറിലാണ് കാണ്‍പൂരില്‍ ആദ്യമായി സിക സ്ഥിരീകരിക്കുന്നത്.

കൊതുകുകളിലൂടെ പകരുന്ന വൈറസാണ് സിക വൈറസ്. 1947 ല്‍ ഉഗാണ്ടയിലെ കുരങ്ങുകളിലാണ് ഈ വൈറസ് ആദ്യമായി കണ്ടെത്തുന്നത്. തുടര്‍ന്ന് 1952 ല്‍ മനുഷ്യരിലും കണ്ടെത്തി. ഇന്ത്യ, ആഫ്രിക്ക, അമേരിക്ക, ഏഷ്യ, ബ്രസീല്‍ എന്നിവിടങ്ങളില്‍ ഇതുവരെ സിക വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്.

പനി, ശരീരത്തില്‍ ചുവന്ന പാടുകള്‍, കണ്ണിന് ചുവന്ന നിറം, സന്ധി വേദന, പേശി വേദന, തലവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. സിക വൈറസ് ശരീരത്തില്‍ പ്രവേശിച്ച് 3 മുതല്‍ 14 ദിവസത്തിന് ശേഷം മാത്രമേ രോഗ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുകയുള്ളു. എന്നാല്‍ എല്ലാവരിലും രോഗലക്ഷണങ്ങള്‍ പ്രകടമാകണമെന്നില്ല.