India

ധാരാവിയിൽ ഇന്ന് ആർക്കും കൊവിഡ് ഇല്ല; ആകെ ആക്ടീവ് കേസുകൾ വെറും 43

ഏഷ്യയിലെ ഏറ്റവും വലിയ ചേരികളിൽ ഒന്നായ ധാരാവിയിൽ ഇന്ന് കൊവിഡ് കേസുകൾ ഇല്ല. രാജ്യത്ത് മൂന്നാം തരംഗം ശക്തമായതിനു ശേഷം ഇത് ആദ്യമായാണ് മഹാരാഷ്ട്രയിലെ മുംബൈയിലുള്ള ധാരാവിയിൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യാതിരിക്കുന്നത്. 39 ദിവസങ്ങൾക്ക് മുൻപാണ് അവസാനമായി ഇവിടെ ഒരു ദിവസത്തെ കൊവിഡ് കേസുകൾ പൂജ്യം ആയത്. കഴിഞ്ഞ വർഷം ഡിസംബർ 20നായിരുന്നു ഇത്. (Zero Covid Cases Dharavi)

43 ആക്ടീവ് കേസുകളാണ് ഇവിടെ ആകെയുള്ളത്. ഇവരിൽ 11 പേർ ആശുപത്രിയിലാണ്. ജനുവരി ആറിന് ഇവിടെ 150 കൊവിഡ് കേസ് റിപ്പോർട്ട് ചെയ്തിരുന്നു. അതിനു ശേഷം കേസുകൾ ഓരോ ദിവസവും കുറയുകയാണ്. ആകെ ഇവിടെ കൊവിഡ് സ്ഥിരീകരിച്ച 8581 പേരിൽ 8121 പേരും രോഗമുക്തരായിരുന്നു. ഇവിടുത്തെ കൊവിഡ് മരണം ഇതുവരെ അധികൃതർ പുറത്തുവിട്ടിട്ടില്ല. 6.5 ലക്ഷം പേരാണ് ഇവിടെ താമസിക്കുന്നത്.

രാജ്യത്ത് ഇന്നലെ 2,51,209 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. 627 കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ മരണനിരക്ക് 3,47,443 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവിൽ 21,05,611 പേരാണ് വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയിലുള്ളത്. 15.88 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ ദിവസത്തേക്കാൾ 12 ശതമാനം കുറവാണ് പ്രതിദിന കേസുകളിൽ ഉണ്ടായിട്ടുള്ളത്.

രാജ്യത്തെ കൊവിഡ് വാക്‌സിനേഷൻ 164.35 കോടി പിന്നിട്ടു.18 വയസിന് മുകളിലുള്ള 74 ശതമാനം പേർ രണ്ട് ഡോസ് വാക്‌സിനും 95 ശതമാനം പേർ ആദ്യഡോസും സ്വീകരിച്ചു. 15 നും 18 നും ഇടയിൽ പ്രായമുള്ള കുട്ടികളിലെ വാക്‌സിനേഷൻ 16 സംസ്ഥാനങ്ങളിൽ ദേശീയ ശരാശരിയേക്കാൾ മുകളിലാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതിനിടെ രാജ്യത്തെ സ്‌കൂളുകൾ തുറക്കാനുള്ള മാർഗരേഖ തയാറാക്കാൻ വിദഗ്ധ സമിതിയോട് കേന്ദ്ര ആരോഗ്യ മന്ത്രി നിർദേശിച്ചു. ഘട്ടംഘട്ടമായിട്ടാകും സ്‌കൂളുകൾ തുറക്കുക. സ്‌കൂളുകൾ തുറക്കേണ്ട സമയം അതിക്രമിച്ചതായി ആരോഗ്യവിദഗ്ധർ കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി.