ഗുജറാത്ത് പൊലീസ് 2002 ല്‍ സമീര്‍ ഖാന് എന്ന യുവാവിനെ വധിച്ചത് വ്യാജ ഏറ്റുമുട്ടലിലൂടെയായിരുന്നുവെന്ന് സുപ്രിംകോടതി നിയോഗിച്ച എച്ച്.എസ് ബേദി കമ്മിറ്റിയുടെ അന്തിമ റിപ്പോര്‍ട്ട്. 2002 – 2006 കാലഘട്ടത്തില്‍ നരേന്ദ്ര മോദി ഗുജറാത്തില്‍ മുഖ്യമന്ത്രിയായിരിക്കെ മുസ്ലിംകളെ തെരഞ്ഞുപിടിച്ച് ഇല്ലാതാക്കാന്‍ ശ്രമം നടന്നുവെന്ന ആരോപണങ്ങള്‍ നിഷേധിച്ചുകൊണ്ട് തയാറാക്കിയ റിപ്പോര്‍ട്ടിലാണ് സമീര്‍ ഖാന് അടക്കം മൂന്നു പേരെ പൊലീസ് സംഘം വധിച്ചത് വ്യാജ ഏറ്റുമുട്ടലിലൂടെയാണെന്ന് വ്യക്തമാക്കിയിരിക്കുന്നത്. 2002 മുതല്‍ 2006 വരെ ഗുജറാത്തില്‍ നടന്ന 17 ഏറ്റുമുട്ടലുകളെ കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് തയാറാക്കാനാണ് സുപ്രിംകോടതി മുന്‍ ജഡ്ജി എച്ച്.എസ് ബേദിയുടെ അധ്യക്ഷതയില്‍ സമിതി രൂപീകരിച്ചത്. കമ്മിറ്റിയുടെ റിപ്പോര്‍ട്ട് നിരീക്ഷണ സമിതി അധ്യക്ഷന്‍ മുമ്പാകെ സമര്‍പ്പിച്ചു.
റിക്ഷാ തൊഴിലാളിയായിരുന്ന സമീര്‍ ഖാനെ ഗുജറാത്ത് പൊലീസാണ് ഭീകരനെന്ന് മുദ്രകുത്തി വധിച്ചത്. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ വധിക്കാന്‍ എത്തിയ ഭീകരനാണ് സമീര്‍ ഖാന് എന്നായിരുന്നു പൊലീസിന്റെ ആരോപണം. അക്ഷര്‍ദാം ക്ഷേത്രത്തിന് നേരെ നടന്ന ആക്രമണത്തിന് പിന്നാലെയായിരുന്നു സമീര്‍ ഖാനെ പൊലീസ് വധിച്ചത്. ഇതേസമയം, സമീര്‍ ഖാന്റെ വധവുമായി ബന്ധപ്പെട്ട് മോദിക്കെതിരെയോ മറ്റു അധികൃതര്‍ക്കെതിരെയോ യാതൊരു കണ്ടെത്തലും റിപ്പോര്‍ട്ടിലില്ല. സമീര്‍ ഖാന്റെ കേസിനൊപ്പം കസം ജാഫര്‍, ഹാജി ഹാജി ഇസ്മയില്‍ എന്നിവരുടെ കേസുകളും വ്യാജ ഏറ്റുമുട്ടലാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എന്നാല്‍ മുസ്ലിംകളെ തെരഞ്ഞുപിടിച്ച് കൊന്നതില്‍ സംസ്ഥാന സര്‍ക്കാരിന് പങ്കുണ്ടെന്നും മുസ്ലിംകളെ വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലണമെന്ന് അധികൃതര്‍ വാക്കാല്‍ നിര്‍ദേശം നല്കിയെന്നുമുള്ള ഗുജറാത്ത് മുന്‍ ഡി.ജി.പി ആര്.ബി ശ്രീകുമാറിന്റെ ആരോപണങ്ങളെയും റിപ്പോര്‍ട്ട് തള്ളുന്നുണ്ട്.
ഗോധ്ര സംഭവം നടക്കുമ്പോള്‍ ഗുജറാത്തിലെ എ.ഡി.ജി.പിയായിരുന്ന ശ്രീകുമാര്‍, 2002ലെ കലാപ കാലത്ത് ഇന്റലിജന്റ്സ് ഡി.ജി.പിയായിരുന്നു. ഏറ്റുമുട്ടല്‍ അന്വേഷിച്ച കമ്മിറ്റിക്ക് മുമ്പാകെ രണ്ട് നിവേദനങ്ങളാണ് അദ്ദേഹം സമര്‍പ്പിച്ചത്. കൂടാതെ മൊഴി എടുക്കുന്നതിനും ഹാജരായിരുന്നു. മുസ്ലിംകളെ തെരഞ്ഞുപിടിച്ച് കൊല്ലാനുള്ള നിര്‍ദേശത്തെ ധിക്കരിച്ചതുകൊണ്ടാണ് ഡി.ജി.പിയായുള്ള സ്ഥാനക്കയറ്റം തനിക്ക് ലഭിക്കാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ശ്രീകുമാറിന്റെ വാദങ്ങളെ ന്യായീകരിക്കുന്ന തെളിവുകള്‍ കണ്ടെത്താനായില്ലെന്ന് ജസ്റ്റിസ് ബേദി അധ്യക്ഷനായ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.