ഗോവധം ആരോപിച്ച് സുഹൃത്തിനെ കഴുത്തറുത്തു കൊന്നു. 18കാരനായ മുഹമ്മദ് അര്‍സുവിനെയാണ് സുഹൃത്ത് ഖയില്‍ ഖുറേഷി കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ഝാര്‍ഖണ്ഡിലെ ഉച്ചാരിയില്‍ തിങ്കളാഴ്ച അര്‍ദ്ധരാത്രിയാണ് സംഭവം നടന്നത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം മറ്റുള്ളവര്‍ അറിയുന്നത്.
സ്ഥലം എം.എല്‍.എയും മന്ത്രിയുമായ മിഥ്ലേഷ് ഠാക്കൂര്‍ സംഭവം നടന്ന ഗര്‍വയിലെ സസര്‍ ആശുപത്രി സന്ദര്‍ശിച്ചപ്പോഴാണ് ഇക്കാര്യം പുറംലോകമറിയുന്നത്. അര്‍സുവിന്റെ അമ്മ അയിഷ ഖാത്തൂണ്‍ സംഭവത്തെക്കുറിച്ച് മന്ത്രിയോട് പരാതിപ്പെട്ടു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.മൂന്ന് പേര്‍ ചേര്‍ന്നാണ് തന്റെ മകന്‍ മുഹമ്മദ് അര്‍സുവിനെ കൊലപ്പെടുത്തിയതെന്ന് അയിഷ പൊലീസിന് മൊഴി നല്‍കി.
പശുവിനെ അറുക്കുന്നത് നിര്‍ത്തമെന്ന് ആവശ്യപ്പെട്ട് ഖയില്‍ ഖുറേഷി മകന്റെ കഴുത്തറുക്കുകയായിരുന്നെന്നും അവര്‍ വ്യക്തമാക്കി. വളരെക്കാലമായി ഖയില്‍ ഖുറേഷി മകനോട് പശുവിനെ കശാപ്പ് ചെയ്യുന്നത് നിര്‍ത്തണമെന്ന് പറയാറുണ്ടായിരുന്നുവെന്നും ഇത് പ്രദേശത്ത് സംഘര്‍ഷത്തിന് ഇടയാക്കാറുണ്ടായിരുന്നുവെന്നും ഇന്‍സ്പെക്ടര്‍ രാജേഷ് കുമാര്‍ പറഞ്ഞു.
ഖയില്‍ ഖുറേഷി, മുന്നു ഖുറേഷി, ഖാലിദ് ഖുറേഷി എന്നിവരുടെ പേരുകളാണ് പൊലീസ് എഫ് ഐ ആറിലുള്ളത്. ഖയില്‍ ഖുറേഷി ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണെന്നും പൊലീസ് വ്യക്തമാക്കി. നേരത്തെ മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് ഇയാള്‍ ബന്ധുക്കളെ ഉള്‍പ്പെടെ ആക്രമിച്ചിരുന്നതായും പൊലീസ് പറയുന്നു. കൊല്ലപ്പെട്ട അര്‍സുവിന്റെ മറ്റ് സുഹൃത്തുക്കളെ ചോദ്യം ചെയ്ത് വരികയാണ്.