തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നേതാക്കള്‍ പലതരം വാഗ്ദാനങ്ങളും വെല്ലുവിളികളും ഉയര്‍ത്താറുണ്ട്. ഒറ്റനോട്ടത്തില്‍ തന്നെ സ്വപ്നത്തില്‍ പോലും നടക്കാന്‍ സാധ്യതയില്ലാത്ത വാഗ്ദാനങ്ങള്‍ വരെ ഇത്തരക്കാര്‍ ആത്മവിശ്വാസത്തോടെ ഉറക്കെ പറയാറുമുണ്ട്. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലെ ചിലതിനെ കുറിച്ച് ഒരിക്കല്‍ അമിത് ഷാ പറഞ്ഞത് അതൊക്കെ ഒരു ‘നമ്പറല്ലേ’ എന്നായിരുന്നു. പിന്നീട് ഒരിക്കല്‍ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളൊക്കെ ആരെങ്കിലും കാര്യമായി എടുക്കുമോയെന്ന് ചോദിച്ച് ശ്രീധരന്‍ പിള്ളയും ജനങ്ങളെ ഞെട്ടിച്ചിരുന്നു. ഇതൊക്കെ ഇപ്പോള്‍ പറയാന്‍ കാരണം, ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്നലെ അമിത് ഷാ നടത്തിയ ഒരു പ്രഖ്യാപനമാണ്. അധികാരത്തിലെത്തിയാല്‍ ഡല്‍ഹിയെ തങ്ങള്‍ ലോകോത്തര നഗരമാക്കുമെന്നും ഇല്ലെങ്കില്‍ നിങ്ങള്‍ വന്ന് എന്റെ ചെവിക്ക് പിടിച്ചോളൂ എന്നുമാണ് അമിത് ഷാ പ്രസംഗിച്ചത്.
നോർത്ത് ഈസ്റ്റ് ഡല്‍ഹിയിലെ ബാബർപൂരിൽ ഞായറാഴ്ച നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുന്നതിനിടെയായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഈ പ്രസ്താവന. രാജ്യ തലസ്ഥാനത്ത് കേന്ദ്ര സര്‍ക്കാരിന്റെ ആയുഷ്മാൻ ഭാരത് ആരോഗ്യ പദ്ധതി നടപ്പാക്കാത്തതിന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ രൂക്ഷ വിമര്‍ശനവും അമിത് ഷാ നടത്തി. ഡല്‍ഹിയിൽ, ആരെങ്കിലും രോഗബാധിതനാകുകയും ആശുപത്രിയിൽ ചികിത്സ തേടാനുള്ള ചെലവ് വഹിക്കാനുള്ള കഴിവില്ലാതിരിക്കുകയും ചെയ്താൽ, മന്ദഗതിയിലുള്ള മരണം സംഭവിക്കുമെന്നാണ് കുടുംബങ്ങള്‍ വിശ്വസിക്കുന്നത്. ആയുഷ്മാൻ ഭാരത് പദ്ധതി പ്രകാരം മോദി ഏഴു കോടി ആളുകൾക്ക് താങ്ങാനാവുന്നതും സൌജന്യവുമായ ചികിത്സ ഉറപ്പാക്കുന്നുണ്ട്. എന്നാൽ ദേശീയ തലസ്ഥാനത്ത് ഈ പദ്ധതി നടപ്പാക്കാൻ കെജ്‌രിവാൾ സർക്കാർ വിസമ്മതിച്ചതിനാൽ ബാബർപൂരിലും ഡല്‍ഹിയിലെ മറ്റ് പ്രദേശങ്ങളിലും ജനങ്ങൾക്ക് ആനുകൂല്യങ്ങൾ ലഭിക്കുന്നില്ല. ഇപ്പോൾ രോഗികളെ ചികിത്സിക്കേണ്ടത് അവനവന്റെ ഉത്തരവാദിത്തമാണ്. കോൺഗ്രസിന് 15 വർഷവും അഞ്ച് വർഷം ആം ആദ്മി പാർട്ടിക്കും നിങ്ങള്‍ അവസരം നൽകി. ഇനി ഞങ്ങള്‍ അധികാരത്തിൽ വന്നാൽ ഡല്‍ഹിയെ ലോകോത്തര നഗരമാക്കി മാറ്റുമെന്ന് ഞാൻ ഉറപ്പ് നൽകുന്നു. അത് സംഭവിച്ചില്ലെങ്കിൽ, നിങ്ങൾക്ക് വന്ന് എന്റെ ചെവിക്ക് പിടിക്കാന്‍ കഴിയും, ” അമിത് ഷാ പറഞ്ഞു.
ഫെബ്രുവരി എട്ടിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വോട്ടുചെയ്യാൻ ജനങ്ങളോട് അദ്ദേഹം അഭ്യർഥിച്ചു. “നുണ പ്രചരിപ്പിച്ചതിന്” മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തിയ ഷാ, കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ആം ആദ്മി സർക്കാർ നൽകിയ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളൊന്നും പാലിച്ചിട്ടില്ലെന്നും ആരോപിച്ചു.