ഹൂസ്റ്റണില്‍ നടന്ന ഹൗഡി മോദി പരിപാടിയില്‍ ട്രംപിനായി വോട്ടര്‍ഭ്യര്‍ഥിച്ച ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവായ ആനന്ദ് ശര്‍മ. ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരകനായല്ല ഹൂസ്റ്റണില്‍ പോയതെന്നും ഇന്ത്യയുടെ പ്രധാനമന്ത്രിയായാണെന്നും മറക്കരുതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ വിദേശകാര്യ നയം മോദി ലംഘിച്ചതായും ഇത് ഇന്ത്യന്‍ വിദേശനയത്തിന് തിരിച്ചടിയാണെന്നും അദ്ദേഹം ട്വിറ്ററില്‍ ചൂണ്ടിക്കാട്ടി.
ഡെമോക്രറ്റുകളോടോ റിപബ്ലിക്കരോടോ പ്രത്യേകമായി അനുഭാവം പുലര്‍ത്താത്ത ഇന്ത്യ മോദി ട്രംപിനായി വോട്ടര്‍ഭ്യഥിക്കുന്നത് ഇരു രാജ്യങ്ങളുടെയും ജനാധിപത്യ പരമാധികാര അവകാശങ്ങളുടെ ലംഘനമാണെന്നും ആനന്ദ് ശര്‍മ കൂട്ടിച്ചേര്‍ത്തു.
ഹൂസ്റ്റണില്‍ നടന്ന ഹൗഡി മോദി പരിപാടിയില്‍ വരുന്ന തെരഞ്ഞെടുപ്പില്‍ വീണ്ടും ട്രംപിനെ വിജയിപ്പിക്കണമെന്ന് മോദി തന്റെ പ്രസംഗത്തില്‍ പറഞ്ഞിട്ടുണ്ടായിരുന്നു. അബ് കീ ബാര്‍ ട്രംപ് സര്‍ക്കാര്‍ എന്നാണ് വരാന്‍ പോകുന്ന യു.എസ് തെരെഞ്ഞെടുപ്പിനെ സൂചിപ്പിച്ച് കൊണ്ട് മോദി വേദിയില്‍ പറഞ്ഞത്. മിനുട്ടുകള്‍ മാത്രം പരിപാടിയില്‍ പങ്കെടുക്കുമെന്ന് കരുതിയ ട്രംപ് മണിക്കൂറുകളോളം പരിപാടിയില്‍ പങ്കെടുത്തതും തെരെഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. 2020 നവംബറിലാണ് യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നത്.