കർണാടകയിൽ മുഖ്യമന്ത്രി യെദ്യൂരപ്പയുടെ അധികാരങ്ങള്‍ കുറയ്ക്കാന്‍ ലക്ഷ്യമിട്ട് ബി.ജെ.പി കേന്ദ്ര കമ്മിറ്റി. മൂന്ന് ഉപമുഖ്യമന്ത്രിമാരെ പ്രഖ്യാപിച്ചതും ആഭ്യന്തര വകുപ്പ് മുഖ്യമന്ത്രിയ്ക്ക് നല്‍കാതിരുന്നതും ഇതിന്റെ ഭാഗമായെന്നാണ് വിവരം. നേരത്തെ ചുമതലയേറ്റ 17 മന്ത്രിമാരുടെ വകുപ്പുകളും പ്രഖ്യാപിച്ചു. ബസവരാജ് ബൊമ്മെയാണ് ആദ്യന്തര മന്ത്രി.
ഗോവിന്ദ് മക്തപ്പ കരജോൾ, അശ്വന്ത് നാരായണ, ലക്ഷ്മൺ സംഗപ്പ സാവടി എന്നിവരാണ് ഉപമുഖ്യമന്ത്രിമാർ. പൊതുമരാമത്ത്, ഉന്നത വിദ്യാഭ്യാസം, ഗതാഗതം, ഐടി, ശാസ്ത്ര സാങ്കേതികം തുടങ്ങിയ വകുപ്പുകൾ കൂടി ഉപമുഖ്യമന്ത്രിമാർക്കാണ്. മൂന്ന് ഉപമുഖ്യമന്ത്രിമാരെ നിയോഗിച്ചതിലൂടെ, യെദ്യൂരപ്പയെ കർശനമായി നിയന്ത്രിക്കുകയെന്നാണ് ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ ലക്ഷ്യമെന്നാണ് സൂചന. ആഭ്യന്തരം ഉൾപ്പെടെയുള്ള പ്രധാന വകുപ്പുകൾ മുഖ്യമന്ത്രിയ്ക്ക് നൽകാതെ, വിഭജിച്ചതും ഇതു പ്രകാരമാണ്. മൂന്ന് ഉപമുഖ്യമന്ത്രിമാരും യദ്യൂരപ്പ പക്ഷക്കാരുമല്ല. ഇതിൽ ലക്ഷ്മൺ സംഗപ്പ നിലവിൽ നിയമസഭ അംഗമല്ല. സഭയിൽ അശ്ലീല ദൃശ്യങ്ങൾ കണ്ടതിനെ തുടർന്ന് 2012ൽ സാവടി, മന്ത്രി സ്ഥാനം രാജിവെച്ചിരുന്നു.
നിയമസഭാംഗം പോലുമല്ലാത്ത സാവടിയ്ക്ക് ഉപമുഖ്യമന്ത്രി പദം നൽകിയതിൽ, ബിജെപിയ്ക്കുള്ളില്‍ തന്നെ അഭിപ്രായ വ്യത്യാസങ്ങളുണ്ട്. ജെഡിഎസ് – കോണ്‍ഗ്രസ് സഖ്യസര്‍ക്കാറിനെ താഴെയിറക്കി വേഗത്തില്‍ മന്ത്രിസഭ രൂപീകരിയ്ക്കാനുളള ശ്രമം യെദ്യൂരപ്പ നടത്തിയിരുന്നു. എന്നാല്‍, കേന്ദ്രം ഇടപെട്ട് തടഞ്ഞു. ഇതിനെയെല്ലാം മറികടന്നാണ് ആഴ്ചകള്‍ക്ക് മുന്‍പ് മുഖ്യമന്ത്രി മാത്രം സത്യപ്രതിജ്ഞ ചെയ്തത്. മൂന്നാഴ്ചയ്ക്കു ശേഷമായിരുന്നു മന്ത്രിമാരുടെ പ്രഖ്യാപനം.