പശ്ചിമബംഗാളിലെ ഇടത് അനുഭാവികളുടെ വോട്ടുകള്‍ ബി.ജെ.പിക്ക് ലഭിച്ചെന്ന് തുറന്ന് പറഞ്ഞ് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. തൃണമൂല്‍ ഭീകരതയില്‍ നിന്ന് ആശ്വാസം ആഗ്രഹിച്ചവര്‍ക്ക് മുന്നിലെ സ്വാഭാവിക പ്രവണത മാത്രമായിരുന്നു അത് . എന്നാല്‍ പാര്‍ട്ടി അംഗങ്ങളുടെ വോട്ട് ചോര്‍ന്നിട്ടില്ലെന്നും യെച്ചൂരി ബംഗാളില്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിലെ പ്രകടനം വിലയിരുത്താന്‍ കേന്ദ്രകമ്മിറ്റയോഗം ഏഴാം തീയതി ആരംഭിക്കാനിരിക്കെയാണ് യെച്ചൂരിയുടെ പ്രതികരണം.
പശ്ചിമബംഗാളില്‍ ഇടത് വോട്ടുകള്‍ ബി.ജെ.പിയിലേക്ക് ഒഴുകിയെന്ന റിപ്പോര്‍ട്ടുകള്‍ ശരിവെക്കുന്നതാണ് ജനറല്‍ സെക്രട്ടറിയുടെ അഭിപ്രായപ്രകടനം . ഇടത് അനുഭാവികളുടെ വോട്ടുകള്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയിലേക്ക് പോയെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. എന്നാല്‍ പാര്‍ട്ടി അംഗങ്ങളുടെ വോട്ട് ചോര്‍ന്നിട്ടില്ലെന്നും യെച്ചൂരി ബംഗാളില്‍ മാധ്യമങ്ങളോട് പറയുകയുണ്ടായി. ഇത്തവണ വോട്ട് രാമന്, ഇടത് പാര്‍ട്ടികള്‍ക്ക് പിന്നീട് എന്ന മുദ്രാവാക്യം വരെ പ്രചാരണത്തിനിടെ കേട്ടിരുന്നു. അത്തരത്തിലുള്ള വികാരം ബംഗാളില്‍ ഉണ്ടായിരുന്നുവെന്നും യെച്ചൂരി പറഞ്ഞു. മതേതര അടിത്തറ സംരക്ഷിക്കാന്‍ ആഗ്രഹിച്ചവര്‍ തൃണമൂലിന് വോട്ട് ചെയ്തു ഇത് തൃണമൂലും ബി.ജെ.പിയും ഉണ്ടാക്കിയ ധ്രുവീകരണത്തിന്റെ ഫലമാണെന്നും ബംഗാളില്‍ സി.പി.എം സംസ്ഥാനസമിതിക്കെത്തിയ യെച്ചൂരി വാര്‍ത്തസമ്മേളത്തില്‍ പറയുകയുണ്ടായി. സീറ്റ് വിട്ടുകൊടുക്കാന്‍ തയ്യാറായെങ്കിലും കോണ്‍ഗ്രസ് ഒരുമിച്ച് പോകാന്‍ താല്‍പ്പര്യപ്പെട്ടില്ല. സി.പി.എം മത്സരിക്കാത്തിടത്താണ് കോണ്‍ഗ്രസിന് രണ്ട് സീറ്റ് കിട്ടിയതെന്നും യെച്ചൂരി പറഞ്ഞു.