India National

ചില അക്കൗണ്ടുകൾക്കും പോസ്റ്റുകൾക്കും നിയന്ത്രണം ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു; ഗുരുതര ആരോപണവുമായി `എക്സ്´

കേന്ദ്ര സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി സമൂഹമാധ്യമം എക്സ്. ചില അക്കൗണ്ടുകൾക്കും പോസ്റ്റുകൾക്കും നിയന്ത്രണം ഏർപ്പെടുത്തണമെന്ന് സർക്കാർ ആവശ്യപ്പെട്ടുവന്നാണ് ആരോപണം. ഇതിനായി പിഴയും തടവും ഉൾപ്പെടെയുള്ള ശിക്ഷകൾക്ക് ചൂണ്ടിക്കാട്ടി സർക്കാർ എക്സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിച്ചുവെന്ന് എക്സ് വ്യക്തമാക്കി.

ഇന്ത്യയിൽ മാത്രമേ ഈ അക്കൗണ്ടുകളും പോസ്റ്റുകളും തടഞ്ഞുവെക്കുവെന്ന് പറഞ്ഞ എക്സ്. ഈ നടപടികളോട് വിയോജിക്കുന്നുവെന്നും അഭിപ്രായ സ്വാതന്ത്ര്യം മാനിക്കണമെന്നും എക്സ് ആവശ്യപ്പെട്ടു. നിയമപരമായ നിയന്ത്രണങ്ങൾ കാരണം എക്‌സിക്യൂട്ടീവ് ഓർഡറുകൾ പ്രസിദ്ധീകരിക്കാൻ കഴിയില്ല.എന്നാൽ സുതാര്യത ഉറപ്പാക്കാൻ അവ പരസ്യമാക്കുന്നത് അത്യന്താപേക്ഷിതമാണെന്ന് എക്സ് വ്യക്തമാക്കി.

കർഷക നേതാക്കളുടെയും കർഷക സമരവുമായി ബന്ധപ്പെട്ട എക്സ് അക്കൗണ്ടുകളും റദ്ദാക്കിയതിന് പിന്നാലെയാണ് പ്രതികരണം. കഴിഞ്ഞ കര്‍ഷക സമര സമയത്തും ഇപ്പോഴത്തെ കര്‍ഷക സമരത്തിനിടെയും അക്കൗണ്ടുകള്‍ റദ്ദാക്കിയ സംഭവവും ചില പോസ്റ്റുകള്‍ക്കെതിരായ നടപടിയും ഉണ്ടായിരുന്നു. ഇതിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നതിനിടെയാണ് ഇക്കാര്യത്തില്‍ പ്രതികരണവുമായി എക്സ് രംഗത്തെത്തിയത്.