ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ ന്യൂസീലൻഡ് പിടിമുറുക്കുന്നു. റിസർവ് ദിനമായ ഇന്ന് 2 വിക്കറ്റ് നഷ്ടത്തിൽ 64 എന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യക്ക് വളരെ വേഗത്തിൽ വിക്കറ്റുകൾ നഷ്ടമായി. ഇന്ത്യൻ നിരയിലെ ഏറ്റവും വിശ്വസനീയരായ കോലി, പൂജാര എന്നിവരെ പുറത്താക്കിയ ജമീസൺ ആണ് രണ്ടാം ഇന്നിംഗ്സിലും ഇന്ത്യയെ ഞെട്ടിച്ചത്. ആദ്യ ഇന്നിംഗ്സിൽ താരം അഞ്ച് വിക്കറ്റ് വീഴ്ത്തിയിരുന്നു.
അഞ്ചാം ദിനമായ ഇന്നലെ രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് ശുഭ്മൻ ഗില്ലിനെ (8) വേഗത്തിൽ നഷ്ടമായെങ്കിലും പിടിച്ചുനിന്ന രോഹിതും പൂജാരയും ചേർന്ന് ലീഡ് നൽകി. എന്നാൽ, രോഹിതിനെ (30) പുറത്താക്കിയ ടിം സൗത്തി ഇന്ത്യക്ക് തിരിച്ചടി നൽകി. ഇന്നലെ കളി അവസാനിക്കുമ്പോൾ പൂജാരയും (12) കോലിയും (8) ആയിരുന്നു ക്രീസിൽ. ഇന്ന് രണ്ട് സെഷൻ എങ്കിലും ബാറ്റ് ചെയ്ത് ഭേദപ്പെട്ട ഒരു ടോട്ടൽ കിവീസിനു മുന്നിൽ വെക്കാനായിരുന്നു ഇന്ത്യയുടെ പ്ലാൻ. എന്നാൽ, ജമീസൺ ഈ പദ്ധതി തകർത്തു. ഇന്ന് കളി തുടങ്ങി ആറാം ഓവറിൽ കോലി (13) ജമീസണു മുന്നിൽ കീഴടങ്ങി. ജമീസണിൻ്റെ ഔട്ട്സ്വിങ്ങറിൽ ബാറ്റ് വച്ച ഇന്ത്യൻ ക്യാപ്റ്റൻ വിക്കറ്റ് കീപ്പർ ബിജെ വാറ്റ്ലിങിൻ്റെ കൈകളിൽ അവസാനിക്കുകയായിരുന്നു. ആദ്യ ഇന്നിംഗ്സിലും ജമീസൺ തന്നെയാണ് ഐപിഎലിലെ തൻ്റെ ടീം ക്യാപ്റ്റനെ മടക്കി അയച്ചത്. തൻ്റെ അടുത്ത ഓവറിൽ പൂജാരയും (15) ജമീസണു മുന്നിൽ വീണു. വീണ്ടും ഒരു ഔട്ട്സ്വിങ്ങറിലൂടെ പൂജാരയെ ജമീസൺ സ്ലിപ്പിൽ ടെയ്ലറുടെ കൈകളിൽ എത്തിച്ചു. പിന്നാലെ രഹാനെ (15) ട്രെൻ്റ് ബോൾട്ടിന് ഇന്നിംഗ്സിലെ ആദ്യ വിക്കറ്റ് സമ്മാനിച്ച് മടങ്ങി. വാറ്റ്ലിങ് ആണ് രഹാനെയെ പിടികൂടിയത്.
ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ 129 റൺസ് എന്ന നിലയിലാണ്. 97 റൺസിൻ്റെ ലീഡ് ആണ് ഇന്ത്യക്കുള്ളത്. ഋഷഭ് പന്തും (27), രവീന്ദ്ര ജഡേജയും (12) ആണ് ക്രീസിൽ.