India

‘ഹനുമാന്‍ കീ ജയ്’ വിളി ഒഴിവാക്കിയെന്ന് ആരോപണം; വർഗീയവാദിയാക്കാന്‍ ശ്രമമെന്ന് വസീം ജാഫര്‍

ഉത്തരാഖണ്ഡ് ടീമിന്‍റെ പരിശീലക സ്ഥാനം രാജിവെച്ചതുമായി ബന്ധപ്പെട്ട് ഉയരുന്ന വര്‍ഗീയ വിവാദങ്ങള്‍ക്ക് മറുപടിയുമായി വസീം ജാഫര്‍. എന്നെ വർഗീയവാദിയായി ചിത്രീകരിച്ച് വിഷയത്തിൽ വർഗീയത കലർത്തുന്നത് ദുഖകരമാണെന്നായിരുന്നു വസീം ജാഫറിന്‍റെ മറുപടി. പരിശീലകസ്ഥാനം രാജി വെക്കാനുള്ള സന്നദ്ധത അറിയിച്ചതിന് പിന്നാലെ ജാഫറിനെതിരെ വര്‍ഗീയ ആരോപണവുമായി ​അസോസിയേഷൻ സെക്രട്ടറി മാഹിം വർമ രംഗത്തെത്തുകയായിരുന്നു. വസീം ജാഫര്‍ ഡ്രസ്സിങ്​ റൂമിനെ വർഗീയവല്‍കരി​ക്കാന്‍ ശ്രമിക്കുന്നെന്നും മുസ്​ലിം താരങ്ങൾക്ക് ടീമില്‍​ മുൻഗണന നൽകുകയാണെന്നുമായിരുന്നു മാഹിം വര്‍മയുടെ ആരോപണം.

എന്നാല്‍ അനർഹരെ തിരുകിക്കയറ്റാൻ ഉത്തരാഖണ്ഡ്​ ക്രിക്കറ്റ്​ അസോസിയേഷൻ സമ്മർദം ചെലുത്തുകയാണെന്നായിരുന്നു​​ രാജിക്കത്തിൽ വസീം ജാഫർ എഴുതിയിരുന്നത്.
രാജിക്ക് പിന്നാലെ വര്‍ഗീയതയുടെ ചുവടുപിടിച്ച് വിവാദം കൊഴുത്തതോടെ വസീം ജാഫര്‍ ശക്തമായ ഭാഷയില്‍ തന്നെ ഇതിനെതിരെ പ്രതികരിച്ചു.

‘ഒരാൾക്ക്​ വന്നുപെടാവുന്ന ഏറ്റവും മോശം അവസ്​ഥയാണ് ഇപ്പോള്‍ തനിക്ക് സംഭവിച്ചിരിക്കുന്നത്, രാജിക്കെതിരെ ഉന്നയിച്ച വർഗീയവശം സങ്കടകരമാണ് തന്നെ വർഗീയവാദിയാണെന്നു വരുത്തിത്തീര്‍ത്ത് വിഷയത്തിൽ വർഗീയത കലർത്തുന്നത്​ സഹിക്കാന്‍ കഴിയില്ല, നിങ്ങൾക്ക് വളരെക്കാലമായി എന്നെ അറിയാം. അങ്ങനെയൊരു പ്രശ്നമുണ്ടായിരുന്നെങ്കിൽ ഞാൻ രാജിവയ്ക്കുന്നതിന് മുൻപുതന്നെ എന്നെ പിരിച്ചുവിടുമായിരുന്നല്ലോ…?’ വസീം ജാഫര്‍ പറഞ്ഞു.

പൂർണ അർപ്പണബോധത്തോടെയാണ് ഇതുവരെ ഉത്തരാഖണ്ഡ് ടീമിനെ പരിശീലിപ്പിച്ചതെന്നും രാജിക്കത്തിൽ വസീം ജാഫർ സൂചിപ്പിച്ചിരുന്നു.

എന്നാൽ വസീം ജാഫര്‍ പരിശീലനത്തിനിടെ മൗലവിയെ വിളിച്ചുവരുത്തിയെന്നും താരങ്ങള്‍ ഹനുമാൻ ഭക്​തിഗാനം ഉരുവിടുന്നതിനെ എതിര്‍ത്തുവെന്നും അസോസിയേഷന്‍ സെക്രട്ടറി​ വർമ ആരോപിച്ചു.

ടീം സിലക്ഷനില്‍ ഉത്തരാഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി മഹിം വര്‍മ ഉൾപ്പെടെയുള്ളർ വ്യാപകമായി ഇടപെടുന്നുവെന്ന് ആരോപിച്ചാണ് ജാഫര്‍ പരിശീലക സ്ഥാനം ഉപേക്ഷിച്ചത്. ടീമിനെ തെരഞ്ഞെടുക്കുന്നതു സംബന്ധിച്ച് മഹിം വർമ തന്നോട് ചർച്ച ചെയ്യാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ടീമില്‍ വര്‍ഗീയത കലര്‍ത്താന്‍ ശ്രമം ഉണ്ടായി എന്ന ആരോപണത്തിനും ജാഫര്‍ മറുപടി പറഞ്ഞു.

‘താരങ്ങൾ ഹനുമാൻ ശ്ലോകം ചൊല്ലരുതെന്ന്​ ഞാൻ പറഞ്ഞതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്. ആ കാര്യത്തെക്കുറിച്ച് ആദ്യം പറയാനുള്ളത്​ ഒരു താരവും ഒരു ​​​ശ്ലോകവും പതിവായി ചൊല്ലിയിരുന്നില്ല എന്നതാണ്. ടീമില്‍ സിഖുകാരായ ചില താരങ്ങളുണ്ട്​. അവർ ‘റാണി മാത സച്ചേ ദർബാർ കി ജയ്​’ ചൊല്ലലുണ്ട്​. ടീമിലെ എല്ലാവരും ചേർന്ന് ശ്ലോകം ചൊല്ലുമ്പോള്‍​ ‘ഗോ ഉത്തരാഖണ്ഡ്​’ എന്നോ ‘കമോൺ ഉത്തരാഖണഡ്​’ എന്നോ മറ്റോ ചൊല്ലാമെന്ന്​ പറഞ്ഞിരുന്നു. ഞാന്‍ വിദർഭ ടീമിനൊപ്പമായിരുന്നപ്പോള്‍ ‘കമോൺ വിദർഭ’ എന്നാണ്​ ടീം പാടിയിരുന്നതെന്നും​, അതും താരങ്ങള്‍ തന്നെയാണ്​ നിർദേശിച്ചതെന്നും വസീം ജാഫർ പറഞ്ഞു.

20,000 ഫസ്​റ്റ്​ ക്ലാസ്​ റൺസിനടുത്ത്​ സ്വന്തം പേരിൽ കുറിച്ച ജാഫർ കഴിഞ്ഞ ദിവസമാണ്​ പരിശീലക പദവിയിൽ നിന്ന്​ രാജിവെച്ചത്​. 2008 വരെ ഇന്ത്യൻ ടീമിനൊപ്പമുണ്ടായിരുന്ന താരം ബംഗ്ലദേശ്​, കിങ്​സ്​ ഇലവൻ പഞ്ചാബ്​ ടീമുകളുടെ ബാറ്റിങ്​ പരിശീലകനായിരുന്നു.