ദേശീയ പൌരത്വ പട്ടികയില്‍ പേരില്ലെന്ന് ഭയന്ന് അസമില്‍ 14 വയസുകാരി ജീവനൊടുക്കി. റൌമാരി ചപോരി ഗ്രാമത്തിലെ നൂര്‍ നഹര്‍ ബീഗമാണ് ധരിച്ചിരുന്ന ദൂപ്പട്ടയില്‍ വീട്ടിനകത്ത് സ്വയം ജീവനൊടുക്കിയത്.
കഴിഞ്ഞ വര്‍ഷം അസം സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച ദേശീയ പൌരത്വ പട്ടികയില്‍ നൂര്‍ നഹറിന്റെ പേരില്ലായിരുന്നു. അന്തിമ പട്ടികയില്‍ തന്റെ പേരുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു തുടര്‍ന്ന് നൂര്‍. ഇന്നലെ അസം സര്‍ക്കാര്‍ തുടര്‍നിഷേധ ഡ്രാഫ്റ്റ് പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. ഇത് അന്തിമ കരട് പട്ടികയാണെന്ന് തെറ്റിദ്ധരിച്ച നൂറിന്റെ പിതാവ് പുതിയ പട്ടികയില്‍ പേരില്ലാത്ത കാര്യം നൂറിനെ ഫോണ്‍ വഴി അറിയിച്ചിരുന്നു. തുടര്‍ന്നാണ് നൂര്‍ സ്വയം ജീവനൊടുക്കുന്നത്.
അസം ന്യൂനപക്ഷ വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് അബ്ദുല്‍ ഹയ്യ് മരിച്ച നൂറിന്റെ വീട് സന്ദര്‍ശിക്കുകയും മരണത്തില്‍ സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തുകയും ചെയ്തു.
എന്‍.ആര്‍.സി പട്ടികയുമായി ബന്ധപ്പെട്ട് നിരവധി തെറ്റിദ്ധാരണകളുണ്ടെന്നും എന്‍.ആര്‍.സി പ്രക്രിയയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വേണ്ടത്ര അവബോധം ജനങ്ങള്‍ക്കിടയില്‍ സൃഷ്ടിക്കുന്നില്ലെന്നും അബ്ദുല്‍ ഹയ്യ് കുറ്റപ്പെടുത്തി. പൊലീസ് സൂപ്പര്‍ ഇന്റന്‍റ് അമ്രിത് ഭുയാന്‍ അതെ സമയം ആത്മഹത്യ എന്‍.ആര്‍.സിയുമായി ബന്ധപ്പെട്ടാണെന്ന വാദം നിഷേധിച്ചിട്ടുണ്ട്. അന്വേഷണത്തിലൂടെ മാത്രമേ കാരണം തീരുമാനിക്കാന്‍ സാധിക്കൂവെന്നാണ് പൊലീസ് സൂപ്പര്‍ ഇന്റന്‍ണ്ടിന്റെ ഭാഷ്യം.
ബുധനാഴ്ച്ചയാണ് അസം സര്‍ക്കാര്‍ തുടര്‍നിഷേധ ഡ്രാഫ്റ്റ് പട്ടിക പ്രസിദ്ധീകരിച്ചത്. കഴിഞ്ഞ ജൂലൈ 30ന് പ്രസിദ്ധീകരിച്ച എന്‍.ആര്‍.സി ഡ്രാഫ്റ്റില്‍ പേരുണ്ടായിരുന്ന 102,462 പേരാണ് നിരവധി കാരണങ്ങളാല്‍ തുടര്‍നിഷേധ ഡ്രാഫ്റ്റ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ബംഗാളില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ ചൊല്ലി പ്രതിഷേധങ്ങള്‍ ഉടലെടുത്തതോടെയാണ് അസമില്‍ പൌരത്വ രജിസ്റ്റര്‍ തയ്യാറാക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചത്. 1971 ന് ശേഷം ബംഗ്ലാദേശില്‍ നിന്നും കുടിയേറിയവരെയാണ് പൌരത്വ രജിസ്ട്രേഷന്‍ പട്ടിക ബാധിക്കുക.