കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്ന നിലപാടിൽ ഉറച്ച് കേന്ദ്രമന്ത്രി നരേന്ദ്ര സിംഗ് തോമർ. കർഷകരുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും മന്ത്രി പറഞ്ഞു. രണ്ടാം മോദി സർക്കാരിന്റെ പുനഃസംഘടനയ്ക്ക് ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗത്തിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.
എ.പി.എം.സികൾ വഴി ഒരു ലക്ഷം കോടി രൂപ കർഷകർക്ക് നൽകുമെന്നും മന്ത്രി അറിയിച്ചു. നാളികേര ബോർഡ് പുനഃസംഘടിപ്പിക്കാൻ തീരുമാനിച്ചു. ഇതിന്റെ അധ്യക്ഷ സ്ഥാനത്ത് കർഷക സമൂഹത്തിൽ നിന്നുള്ള ആളായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കൊവിഡ് മൂന്നാം തരംഗം, സാമ്പത്തിക പ്രതിസന്ധി, കർഷക സമരത്തിലെ നിലപാട് ഉൾപ്പെടെയാണ് മന്ത്രിസഭായോഗത്തിൽ ചർച്ചയായത്. കൊവിഡ് പ്രതിരോധ നടപടികൾക്കായി 23,000 കോടിയുടെ അടിയന്തര പാക്കേജ് അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഒൻപത് മാസത്തിനുള്ളിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി ഈ ഫണ്ട് സമാഹരിക്കും. ഇതിൽ 15,000 കോടി രൂപയാണ് സർക്കാർ വിഹിതം. 8,000 കോടി സംസ്ഥാന സർക്കാരുകൾ കണ്ടെത്തണം. ചികിത്സാ സൗകര്യങ്ങൾ ഒരുക്കാനായിരിക്കും പണം പ്രധാനമായും ചെലവഴിക്കുക.