‘ഞങ്ങളുടെ പതാക എന്‍റെ മുന്നിലുണ്ട്. ഈ പതാക നിങ്ങൾ പുനഃസ്ഥാപിച്ചു നൽകുമ്പോൾ ഞങ്ങൾ മറ്റ് പതാകയും ഉയർത്തും, അതുവരെ മറ്റൊരു പതാകയും ഉയർത്താൻ ഞങ്ങൾ തയ്യാറല്ല’
ഭരണഘടനാനുസൃതമായി ലഭിച്ച അവകാശങ്ങളെ കൊള്ളയടിക്കുകയാണ് ജമ്മു–കശ്മീരിെൻറ പ്രത്യേക പദവി റദ്ദാക്കുക വഴി കേന്ദ്ര സർക്കാർ ചെയ്തതെന്ന് പി.ഡി പി പ്രസിഡന്‍റും മുൻ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി.
370ാം വകുപ്പിന്റെ പുനഃസ്ഥാപനം മാത്രമല്ല, കശ്മീർ പ്രശ്നത്തിന് ശാശ്വത പരിഹാരമാണ് തന്റെ ലക്ഷ്യമെന്നും കശ്മീരിന്റെ പ്രത്യേക പതാക പുന:സ്ഥാപിക്കുന്നത് വരെ ജമ്മു കശ്മീരിൽ ദേശീയ പതാക ഉയർത്തുകയില്ലെന്നും മെഹബൂബ കൂട്ടിച്ചേർത്തു. 14 മാസത്തെ വീട്ടുതടങ്കലിൽ നിന്ന് മോചിതയായ ശേഷം നടത്തിയ ആദ്യ പത്രസമ്മേളനത്തിലാണ് മെഹബൂബ ഇക്കാര്യം പറഞ്ഞത്.
ഭരണഘടനാവകാശങ്ങളും സംസ്ഥാന പതാകയും നിലവിലില്ലാത്തിടത്തോളം കാലം തെരഞ്ഞെടുപ്പ് രാഷ്ട്രീയവുമായി എനിക്ക് യാതൊരു ബന്ധവുമില്ല. ഞങ്ങളുടെ പതാക എന്‍റെ മുന്നിലുണ്ട്. ഈ പതാക നിങ്ങൾ പുനഃസ്ഥാപിച്ചു നൽകുമ്പോൾ ഞങ്ങൾ മറ്റ് പതാകയും ഉയർത്തും, അതുവരെ മറ്റൊരു പതാകയും ഉയർത്താൻ ഞങ്ങൾ തയ്യാറല്ല- മെഹബൂബ മുഫ്തി പറഞ്ഞു.
2019 ഓഗസ്റ്റ് 5ന് ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ തുടർന്ന് ശ്രീനഗറിലെ സിവിൽ സെക്രട്ടേറിയറ്റ് കെട്ടിടത്തിന് മുകളിൽ ദേശീയ പതാകയോടൊപ്പം ഉണ്ടായിരുന്ന ജമ്മു കശ്മീർ പതാക നീക്കം ചെയ്തിരുന്നു.