India National

സാമ്പത്തികാവസ്ഥ മാത്രം പരി​ഗണിച്ച് ലോക്ക്ഡൗൺ നീക്കി ആളുകളെ മരിക്കാൻ വിടണോ? ഉദ്ധവ് താക്കറെ

സമ്പദ് വ്യവസ്ഥ മാത്രം പരി​ഗണിച്ച് ലോക്ക്ഡൗൺ നീക്കാൻ കഴിയില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ഘട്ടം ഘട്ടമായി മാത്രമേ ലോക്ക്ഡൗൺ നീക്കാനാവൂ. മഹാമാരിയുടെ കാലത്ത് ആരോ​ഗ്യമോ സാമ്പത്തിക സ്ഥിതിയോ മാത്രമായി പരി​ഗണിക്കാനാവില്ലെന്നും ഒരു സമതുലിത നിലപാട് ആവശ്യമാണെന്നും ഉദ്ധവ് താക്കറെ വ്യക്തമാക്കി. ശിവസേന മുഖപത്രമായ സാമ്നയിലാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

മഹാരാഷ്ട്രയിലെ ഇപ്പോഴത്തെ ലോക്ക്ഡൗൺ ജൂലൈ 31 വരെ തുടരും. ജൂൺ മുതൽ ഘട്ടംഘട്ടമായി നിയന്ത്രണങ്ങളിൽ ഇളവ് നൽകുന്നുണ്ടായിരുന്നു. സാമ്പത്തിക സ്ഥിതി പരി​ഗണിച്ച് അൺലോക്ക് ആവശ്യമാണെന്നാണ് പലരും പറയുന്നത്. എന്നാൽ കോവിഡ് ബാധിച്ച് ആളുകൾ മരിക്കുമ്പോൾ ആര് ഉത്തരവാദിത്വം ഏറ്റെടുക്കുമെന്നാണ് ഉദ്ധവ് താക്കറെയുടെ ചോദ്യം.

ഈ മഹാമാരി ആ​ഗോളയുദ്ധമാണ്. ലോകത്തെയാകെ ബാധിച്ചിരിക്കുന്നു. തിടുക്കപ്പെട്ട് ലോക്ക്ഡൗൺ പിൻവലിച്ച രാജ്യങ്ങൾക്ക് വീണ്ടും കോവിഡ് കേസുകൾ കൂടി ലോക്ക്ഡൗൺ പുനസ്ഥാപിക്കേണ്ടിവന്നു. ലോക്ക്ഡൗൺ പൂർണമായും പിൻവലിച്ചിട്ട് ആളുകൾക്ക് രോ​ഗം വന്ന് അവരുടെ വീടുകൾ സീൽ ചെയ്യേണ്ടിവരുമ്പോൾ കൂടുതൽ ​ഗുരുതരമാകും സ്ഥിതി.

മുഖ്യമന്ത്രിയായ ശേഷമുള്ള ആറ് മാസത്തെ കുറിച്ച് ചോദിച്ചപ്പോൾ ഇത് താക്കറെ സർക്കാർ അല്ലെന്നും എല്ലാവരുടെയും സർക്കാർ ആണെന്നും ഉദ്ധവ് താക്കറെ മറുപടി നൽകി. ജനങ്ങൾക്ക് തന്നിൽ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.