തെരഞ്ഞെടുപ്പ് പോര് മൂര്‍ച്ചിക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബംഗാളില്‍ വന്ന് ആരും ഗോള്‍ സ്‌കോര്‍ ചെയ്യാന്‍ പോകുന്നില്ലെന്നും ഇവിടെ ഗോള്‍ക്കീപ്പറായി താനുണ്ടാകുമെന്നും മമത ഹൂഗ്ലിയില്‍ പറഞ്ഞു.
ഫെബ്രുവരി ഏഴിനാണ് മോദി ബംഗാളില്‍ പ്രചാരണം നടത്തിയത്. ബംഗാളിലെ ജനങ്ങള്‍ എല്ലാം കണ്ടുകൊണ്ടിരിക്കുകയാണെന്നും, ഭരണകക്ഷിയായ തൃണമൂലിന് ജനങ്ങള്‍ ‘റാം കാര്‍ഡ്’ കാണിക്കുമെന്നും മോദി പറഞ്ഞിരുന്നു. ഫുട്‌ബോളിലെ റെഡ് കാര്‍ഡ് കാണിക്കുന്നതിനോട് ഉപമിച്ചാണ് മോദി റാം കാര്‍ഡ് പദം പ്രയോഗിച്ചത്. എന്നാല്‍ ഇതേ നാണയത്തില്‍ തിരിച്ചടിക്കുകയായിയുന്നു മമത ബാനര്‍ജി.
ബംഗാള്‍ തന്നെ ബംഗാള്‍ ഭരിക്കുമെന്നും, ഗുജറാത്ത് വന്ന് അതില്‍ ഇടപെടേണ്ട കാര്യമില്ലെന്നും മമത കൂട്ടിച്ചേര്‍ത്തു. ബംഗാളിന്റെ ഭരണം ഗുണ്ടകള്‍ കൈകാര്യം ചെയ്യേണ്ട കാര്യമില്ലെന്ന് പറഞ്ഞ മമത, രാജ്യത്തെ ഏറ്റവും വലിയ കലാപകാരിയാണ് മോദിയെന്നും വിശേഷിപ്പിച്ചു. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വന്നതിനേക്കാള്‍ വലിയ പരിണിതിയായിരിക്കും മോദിക്ക് ഉണ്ടാവാന്‍ പോകുന്നതെന്നും മമത പറഞ്ഞു.