ജനസംഖ്യ രജിസ്റ്ററില്‍ വിവരങ്ങള്‍ നല്‍കാതെ പ്രതിഷേധിക്കണമെന്ന് എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ ആഹ്വാനം. ലക്നൌവില്‍ സമാജ് വാദി പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുമ്പോഴാണ് അഖിലേഷ് യാദവിന്റെ പരാമര്‍ശം. എന്‍.പി.ആറും എന്‍.ആര്‍.സിയും പാവപ്പെട്ട വര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും എതിരാണെന്നും അഖിലേഷ് യാദവ് പറഞ്ഞു.
ജനസംഖ്യ രജിസ്റ്റര്‍ തയ്യാറാക്കാനായി ഉദ്യോഗസ്ഥര്‍ വീട്ടിലേക്കെത്തുമ്പോള്‍ തെറ്റായ വിവരം നല്‍കി പ്രതിഷേധിക്കണമെന്ന എഴുത്തുകാരി അരുന്ധതി റോയിയുടെ വിവാദ പരാമര്‍ശത്തിന് ശേഷമാണ് അഖിലേഷിന്റെ ആഹ്വാനം. എന്‍.പി.ആറില്‍ വിവരങ്ങള്‍ നല്‍കാന്‍ ഞാന്‍ ഉദ്ദേശിച്ചിട്ടില്ല നിങ്ങളും അങ്ങനെ ചെയ്യുമോയെന്ന് പാര്‍ട്ടി പ്രവര്‍ത്തകരോടായി അഖിലേഷ് ചോദിച്ചു. എന്‍.പി.ആറും എന്‍.ആര്‍.സിയും പാവപ്പെട്ട ജനങ്ങള്‍ക്കും ന്യൂനപക്ഷങ്ങളും എതിരാണ്. പ്രതിഷേധക്കാരെ മര്‍ദ്ദിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ പിതാവിന്‍റെയും മാതാവിന്റെയും രേഖകളും വൈകാതെ ചോദിക്കുമെന്നും അഖിലേഷ് പറഞ്ഞു.
എന്‍.ആര്‍.സി ഭയം വിതക്കാനുള്ള മാര്‍ഗമാണെന്ന് ഇക്കഴിഞ്ഞ സെപ്തംബറില്‍ അഖിലേഷ് പ്രതികരിച്ചിരുന്നു. ഇന്നലെ എന്‍ആര്‍സിയെ അനുകൂലിച്ച മധ്യപ്രദേശ് ബി.എസ്.പി എം.എല്‍.എയെ പാര്‍ട്ടി അധ്യക്ഷ മായാവതി സസ്പെന്‍ഡ് ചെയ്തു. പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കാനും എം.എല്‍.എയ്ക്ക് വിലക്കുണ്ട്. പ്രതിപക്ഷ പാര്‍ട്ടികള്‍ പൌരത്വ ഭേദഗതി നിയമത്തിലും എന്‍.ആര്‍.സിയിലും ഉള്ള നിലപാട് കടുപ്പിച്ചതോടെ ബി.ജെ.പി കൂടുതല്‍ പ്രതിസന്ധിയിലായിരിക്കുകയാണ്.