India

ഇന്ത്യയിലെ വനിത പൈലറ്റുമാരുടെ ശതമാനം മിക്ക പാശ്ചാത്യ രാജ്യങ്ങളെയും അപേക്ഷിച്ച് കൂടുതൽ; അമേരിക്കയും ഓസ്‌ട്രേലിയയും പിന്നിൽ…

ഇന്റർനാഷണൽ സൊസൈറ്റി ഓഫ് വിമൻ എയർലൈൻ പൈലറ്റുമാരുടെ കണക്കനുസരിച്ച്, ആഗോള തലത്തിൽ ഏകദേശം 5 ശതമാനം പൈലറ്റുമാരും സ്ത്രീകളാണ്. എന്നാൽ ഇന്ത്യയിലെ കണക്കുകളുമായി പരിശോധിക്കുമ്പോൾ ആ ശതമാനം വളരെ കൂടുതലാണ്. ഇവിടെ ആ കണക്ക് പതിനഞ്ച് ശതമാനമായി ഉയർന്നിരിക്കുന്നു. റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ വനിതാ പൈലറ്റുമാരുടെ ശതമാനം മിക്ക പാശ്ചാത്യ രാജ്യങ്ങളെയും അപേക്ഷിച്ച് ഇരട്ടി കൂടുതലാണ്. അമേരിക്കയും ഓസ്‌ട്രേലിയയും ഇതിൽ വളരെ പിന്നിലാണ്.

ഇന്ത്യയിൽ ആകെ രജിസ്റ്റർ ചെയ്ത പൈലറ്റുമാരുടെ എണ്ണം 17,726 ആണ്. അതിൽ 2764 പേർ സ്ത്രീകളാണ്. രാജ്യസഭയിൽ ഉയർന്ന ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് സിവിൽ ഏവിയേഷൻ സഹമന്ത്രി വി കെ സിംഗ് ഇക്കാര്യം വ്യക്തമാക്കിയത്. വിമൻ ഇൻ ഏവിയേഷൻ ഇന്റർനാഷണൽ (ഡബ്ല്യുഎഐ) – ഇന്ത്യ ചാപ്റ്റർ സിവിൽ ഏവിയേഷൻ, വ്യവസായ മന്ത്രാലയം, പ്രമുഖ വനിതാ ഏവിയേഷൻ പ്രൊഫഷണലുകൾ എന്നിവരുമായി സഹകരിച്ച് രാജ്യത്തുടനീളം നിരവധി ബോധവൽക്കരണ പരിപാടികൾ നടത്തുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സ്കൂൾ വിദ്യാർത്ഥിനികളിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച്, പ്രത്യേകിച്ച് കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങളിൽ നിന്നുള്ളവർക്കും പ്രത്യേക പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. ഇന്ത്യയിൽ പൈലറ്റുമാരുടെ പരിശീലനം പ്രോത്സാഹിപ്പിക്കുന്നതിന് സിവിൽ ഏവിയേഷൻ മന്ത്രാലയവും അതുമായി ബന്ധപ്പെട്ട സംഘടനകളും നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് കുറിപ്പിൽ പറയുന്നു.