India

10 കിണറുകള്‍ കുഴിച്ച് തച്ചമ്പാറയിലെ പെണ്‍കരുത്ത്

പാലക്കാട് തച്ചമ്പാറയില്‍ നാടിന്റെ കുടിവെള്ള ക്ഷാമമകറ്റാൻ പെൺകരുത്ത് കൈകോർക്കുന്നു. തൊഴിലുറപ്പ് പദ്ധതിയില്‍ ഉൾപ്പെടുത്തി 10 കിണറുകളാണ് ഈ മേഖലയിൽ വനിതകൾ കുഴിച്ചത്.

തച്ചമ്പാറയിലെ കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളിലാണ് വനിതകളുടെ നേതൃത്വത്തിൽ കിണറുകൾ നിർമിക്കുന്നത്. ഇതിന്റെ ഭാഗമായാണ് നാട്ടുകൽ പുതുമനക്കുളമ്പ് മുഹമ്മദാലിയുടെ വീട്ടിലും കിണർ ഒരുങ്ങിയത്. തൊഴിലുറപ്പ് തൊഴിലാളികളായ വനിതകൾക്കാണ് കിണർ പണിയുടെ നേതൃത്വം. 14 കോൽ താഴ്ചയിലാണ് മുഹമ്മദാലിയുടെ കിണറിൽ വെള്ളം കണ്ടത്.

ഒരു ദിവസം 6 പേർ വീതം 24 ദിവസം പണിയെടുത്തു. ഗിരിജ, പാർവ്വതി, ലക്ഷ്മി എന്നിവർ നേതൃത്വം നൽകി. തച്ചനാട്ടുകരയിലെ വിവിധ ഭാഗങ്ങളിലായാണ് 10 കിണറുകൾ ഈ വനിതകൾ കുഴിച്ചത്. എത്ര ആഴത്തിൽ കിണർ കുഴിക്കേണ്ടി വന്നാലും ഈ പെൺകരുത്തിന് ഒരു ആശങ്കയുമില്ല.