India National

ബി.ജെ.പി ഭരണത്തിന് കീഴില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന് അഖിലേഷ് യാദവ്

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഭരണകൂടത്തിന് കീഴില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന് സമാജ്‍വാദി പാര്‍ട്ടി പ്രസിഡന്റ് അഖിലേഷ് യാദവ്. ഉത്തര്‍പ്രദേശില്‍ സ്ത്രീകള്‍ക്കെതിരായ ധാരാളം കേസുകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് അഖിലേഷ് ബി.ജെ.പിക്കെതിരെ തുറന്നടിച്ചത്.

‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ’ എന്ന് പ്രചരിപ്പിച്ച് കൊണ്ടിരിക്കുന്നവര്‍ക്ക് സ്ത്രീകള്‍ക്കെതിരായ മനുഷ്യത്വരഹിതമായ അക്രമങ്ങളെ ചെറുക്കാനാവുന്നില്ലെന്നും ഇനിയും ഭരണത്തില്‍ തുടരാന്‍ അവര്‍ക്ക് യാതൊരു ധാര്‍മിക അവകാശവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ബി.ജെ.പി ഭരണത്തില്‍ സ്ത്രീകള്‍ സുരക്ഷിതരല്ല, പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ പോലും ഈ നിഷ്ഠൂര അക്രമത്തിന്റെ ഇരകളാവുന്നു. സ്ത്രീകള്‍ എവിടെയും സുരക്ഷിതരല്ല, സ്‌ക്കൂളില്‍, ജോലിയിടങ്ങളില്‍, പരിപാടികളില്‍ എല്ലായിങ്ങളിലും അവരെ ഭയം പിന്തുടരുന്നുണ്ട്.

ദിനേന ബലാല്‍സംഘത്തിന്റെയും ലൈംഗിക അതിക്രമത്തിന്റെയും കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നുണ്ട്. നിയമനടപടികള്‍ക്ക് കോടികള്‍ ചിലവഴിക്കുന്ന ഭരണകൂടത്തിന് നാട്ടില്‍ നിര്‍ഭയത്വം കൊണ്ടുവരാനാവുന്നില്ലെങ്കില്‍ ഭരണം തുടരാന്‍ യാതൊരു ധാര്‍മിക അവകാശവുമില്ല’ അദ്ദേഹം കൂട്ടിചേര്‍ത്തു.