India

‘ഇത്ര മോശം ഭക്ഷണം നിങ്ങളുടെ കുടുംബത്തിന് നൽകുമോ ?’ മോശം ഭക്ഷണം വിളമ്പിയ റെയിൽവേ അധികൃതരെ രൂക്ഷമായി വിമർശിച്ച് യുവതി

ദീർഘദൂര ട്രെയിൻ യാത്രകൾ ഇഷ്ടപ്പെടുന്ന ഒട്ടേറെപ്പേരുണ്ട് നമുക്കിടയിൽ. എന്നാൽ ട്രെയിനിൽ നിന്ന് കിട്ടുന്ന ഭക്ഷണം പലപ്പോഴും രസം കൊല്ലിയാകാറുണ്ട്. .
ട്രെയിൻ ഭക്ഷണത്തിന്റെ നിലവാരം തകരുന്നത് സംബന്ധിച്ച് നിരവധി പരാതികൾ ഉയർന്നിട്ടുണ്ട്. അടുത്തിടെ ഭൂമിയ എന്ന യുവതി ട്വിറ്ററലൂടെ ഉന്നയിച്ച പരാതിയാണ് ഇതിൽ ഏറ്റവും ഒടുവിലത്തേത്. യുവതി ട്വിറ്ററിൽ ഭക്ഷണത്തിന്റെ ഫോട്ടോ കൂടി പോസ്റ്റ് ചെയ്താണ് പ്രതിഷേധമറിയിച്ചത്.

പകുതി കഴിച്ച ഭക്ഷണത്തിന്റെ ചിത്രം പങ്കുവച്ചാണ് ഭൂമിക എന്ന യാത്രക്കാരി റെയിൽവേക്കെതിരെ പ്രതിഷേധം അറിയിച്ചത്. ദാൽ, സബ്ജി, റോട്ടി, ചോറ് എന്നിവയാണ് പ്‌ളെയ്റ്റിലുള്ളത്. ട്വിറ്ററിൽ രൂക്ഷവിമർശനം ആണ് ഭൂമിക ഉയർത്തുന്നത്. നിങ്ങളുടെ ഭക്ഷണം ഒരിക്കലെങ്കിലും നിങ്ങൾ കഴിച്ചുനോക്കിയിട്ടുണ്ടോ എന്ന് ചോദിക്കുന്ന ഭൂമിക, ഒരു പടികൂടി കടന്ന്, ഇത്ര മോശം ഭക്ഷണം നിങ്ങൾ നിങ്ങളുടെ കുടുംബത്തിനോ കുട്ടികൾക്കോ നൽകുമോ എന്നും ചോദിച്ചു. ടിക്കറ്റ് നിരക്കുകൾ അടിക്കടി വർധിപ്പിച്ചിട്ടും നല്ല ഭക്ഷണം നൽകാൻ ഇനിയും നടപടി ഇല്ലാത്തതെന്തെന്നും ചോദ്യം. ഒരിക്കലെങ്കിലും റെയിൽവേ ഭക്ഷണം കഴിച്ചിട്ടുള്ളവർ ചോദിക്കാൻ ആഗ്രഹിക്കുന്ന ചോദ്യങ്ങളായിരുന്നു അത്. തടവുകാർക്ക് ജയിലിൽ നൽകുന്ന ഭക്ഷണത്തോടാണ് ഭൂമിക റെയിൽവേ ഭക്ഷണത്തെ ഉപമിക്കുന്നത്. എന്നാൽ ട്രെയിനിലെ ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്താൻ താനില്ലെന്നും ഭൂമിക മറ്റൊരു ട്വീറ്റിൽ വ്യക്തമാക്കുന്നു. അവർ അവരുടെ ജോലി ചെയുന്നു, കിട്ടുന്നത് വിതരണം ചെയ്യുന്നു ..പൈസ റീഫണ്ട് ചെയാമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞെന്നും എന്നാൽ മോശം ഭക്ഷണത്തിന്റെ ഉത്തരവാദിത്തം അവർക്കല്ലെന്നും ഭൂമിക പറയുന്നു.

ട്വീറ്റ് പുറത്തുവന്ന് നിമിഷനേരം കൊണ്ട് അത് ഏറ്റെടുത്തു ജനം. ട്രെയിനിലെ ഭക്ഷണം മാത്രമല്ല, ഐആർസിടിസി ആപ്പും സൈറ്റും ഒക്കെ യാത്രക്കാർക്ക് പേടിസ്വപ്നമാണെന്ന് ഒരാൾ കമന്റ് ചെയ്തു. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഭക്ഷണം ബുക്ക്‌ചെയ്യാതെ വീട്ടിലെ ഭക്ഷണം കൊണ്ടുപോകുന്നതാണ് പണം ലാഭിക്കാനും ടിക്കറ്റ് ചാർജ് കുറയ്ക്കാനും നല്ലെതന്ന് മറ്റൊരു കമന്റ്. ഇത്ര മോശം ബാത്ത്‌റൂമും ഭക്ഷണവും ഒക്കെ യാത്രക്കാർക്ക് നൽകുന്ന റെയിൽവേ, ലഭിക്കുന്ന പൈസ മുഴുവൻ എന്ത്് ചെയ്യുന്നുവെന്ന് ചോദിക്കുന്നു ഒരാൾ.

റെയിൽവേക്ക് പിന്തുണയുമായി ചുരുക്കം ചിലരും രംഗത്തെത്തി. ഫൈവ് സ്റ്റാർ നിലവാരത്തിലുള്ള ഭക്ഷണം റെയിൽവേയിൽ നിന്ന് പ്രതീക്ഷിക്കുന്നത് ശരിയലെന്നാണ് കമന്റ്. പിന്നാലെ ഐആർസിടിസിയുടെ ഒരു പ്രതികരണമെത്തി. ട്വിറ്ററിൽ വിമർശിച്ച സ്ത്രീയെ സർ എന്ന് അഭിസംബോധന ചെയ്തുള്ള മറുപടിയിൽ , പിഎൻഐആർ , മൊബൈൽ നന്പറുകൾ ഷെയർ ചെയ്യാൻ ആവശ്യപ്പെട്ടിരിക്കുന്നു. എന്നാൽ, രൂക്ഷ വിമർശനം ഏറ്റിട്ടും പതിവുരീതിയിൽ യാന്ത്രികമായുള്ള ഐആർസിടിസിയുടെ പ്രതികരണം, സമൂഹമാധ്യമങ്ങളിൽ കൂടുതൽ പ്രതിഷേധം ക്ഷണിച്ചുവരുത്തി.