India National

ബി.ജെ.പി വനിതാ നേതാവിനെ ഭര്‍ത്താവ് വെടിവെച്ചുകൊന്നു

ഹരിയാനയിലെ ഗുരുഗ്രാമിൽ ബി.ജെ.പിയുടെ വനിതാ നേതാവിനെ ഭര്‍ത്താവ് വെടിവെച്ചു കൊന്നതായി റിപ്പോര്‍ട്ട്. ഭാര്യക്ക് അവിഹിതബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മുന്‍ കരസേന ഉദ്യോഗസ്ഥനാണ് പ്രതി. ബി.ജെ.പി കിസാൻ മോർച്ചയുടെ സംസ്ഥാന സെക്രട്ടറിയായിരുന്ന മുനേഷാണ് കൊല്ലപ്പെട്ടത്.

സെക്ടർ 93 ലെ എട്ടാം നിലയിലെ വീടിന്റെ അടുക്കളയിൽ മുനേഷ് സഹോദരിയോട് ഫോണിൽ സംസാരിച്ചിരിക്കുന്നതിനിടെയാണ് സംഭവം. ഫോണില്‍ സംസാരിക്കുന്നതിനിടെ തനിക്ക് കുറച്ച് കാര്യങ്ങള്‍ പറയാനുണ്ടെന്ന് സുനില്‍ പറഞ്ഞു. എന്നാല്‍ മുനേഷ് ഫോണ്‍ സംഭാഷണം നിര്‍ത്താന്‍ തയ്യാറായില്ല. ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇതിന് പിന്നാലെയാണ് ഭർത്താവ് സുനിൽ തന്റെ സർവീസ് റിവോൾവർ എടുത്ത് മുനേഷിന് നേരെ വെടിയുതിര്‍ത്തത്.

അവിഹതബന്ധം ആരോപിച്ച് ഇരുവരും തമ്മില്‍ പലപ്പോഴും വഴക്കുണ്ടായിട്ടുണ്ടെന്ന് സുനിലിന്റെ പിതാവ് ദലിപ് സിങ് പറഞ്ഞു. പെരുമാറ്റദോഷത്തെ തുടര്‍ന്ന് കരസേനയിൽ നിന്ന് സ്വമേധയാ വിരമിക്കലിന് വിധേയനായ ആളാണ് സുനില്‍. സേനയില്‍ നിന്ന് വിരമിച്ച ശേഷം സുനില്‍ സ്വകാര്യ സുരക്ഷാ ഓഫീസറായി ജോലി ചെയ്യുകയായിരുന്നു.

സംഭവ സമയത്ത് ദമ്പതികളുടെ മക്കള്‍ വീട്ടിലുണ്ടായിരുന്നു. കയ്യിൽ തോക്കുമായി വീട്ടിൽ നിന്നിറങ്ങി വന്ന സുനിൽ കെട്ടിടത്തിന്റെ കാവൽക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് ഇവരാണ് പൊലീസ് കൺട്രോൾ റൂമിലേക്ക് വിളിച്ച് സംഭവം അറിയിച്ചത്. പൊലീസ് എത്തി സുനിലിനെ കസ്റ്റഡിയില്‍ എടുത്തു.