ഇതേ അവസ്ഥ തുടർന്നാൽ 2021 ഫെബ്രുവരിയിൽ പ്രതിദിനം 2 ലക്ഷത്തിലധികം പേർക്ക് രോഗബാധ ഉണ്ടാകാമെന്ന് മസാച്ചുസെറ്റ്സ് ടെക്നോളജിയിലെ ഗവേഷകരുടെ പഠനത്തിൽ കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്
രാജ്യത്ത് കോവിഡ് മരണം ഉയരുന്നു. 482 മരണം റിപ്പോർട്ട് ചെയ്തതോടെ ആകെ മരണം 20642 ആയി. 22,752 പുതിയ കേസുകൾ സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതർ 7,42,417 കടന്നു. ഇതേ അവസ്ഥ തുടർന്നാൽ 2021 ഫെബ്രുവരിയിൽ പ്രതിദിനം 2 ലക്ഷത്തിലധികം പേർക്ക് രോഗബാധ ഉണ്ടാകാമെന്ന് മസാച്ചുസെറ്റ്സ് ടെക്നോളജിയിലെ ഗവേഷകരുടെ പഠനത്തിൽ കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്.
രാജ്യത്ത് കോവിഡ് ബാധിതർ ഏഴര ലക്ഷത്തിലേക്ക് ഉയരുകയാണ്.
മരണ സംഖ്യയിലും വർധനവ് രേഖപ്പെടുത്തുന്നുണ്ട്. 61.53 ശതമാനമാണ് രോഗമുക്തി നിരക്ക്. രാജ്യത്ത് രോഗം ഭേദമായവരുടെ എണ്ണം 4,56,831 ആയി. പ്രതിദിനം 262,679 സാമ്പിളുകള്‍ പരിശോധിക്കുന്നുണ്ട്. മഹാരാഷ്ട്ര, തമിഴ്നാട്, ഡല്‍ഹി എന്നിവിടങ്ങളിൽ രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്. മഹാരാഷ്ട്രയിൽ 5134 പുതിയ കേസും 224 മരണവും റിപ്പോർട്ട് ചെയ്തു.
സംസ്ഥാന കണക്ക് പ്രകാരം ആകെ 217121 കേസുകളും 9250 മരണവുമാണ് സ്ഥിരീകരിച്ചിട്ടുള്ളത്. തമിഴ് നാട്ടിൽ 3016 പുതിയ കേസും 65 മരണവും കഴിഞ്ഞ 24 മണിക്കൂർ ഉണ്ടായി.ഡൽഹിയിൽ 2008 പുതിയ കേസും 50 മരണവും റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ രണ്ടാഴ്ച ഉണ്ടായ കോവിഡ് മരണങ്ങളെക്കുറിച്ചുള്ള വിവര ശേഖരണം നടത്താന്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാള്‍ ഡല്‍ഹി ആരോഗ്യ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. ശേഖരിച്ച വിവരങ്ങള്‍ അവലോകനം ചെയ്ത് മരണസംഖ്യ കുറയ്ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.അതേസമയം നിലവിലെ സാഹചര്യം തുടർന്നാൽ 2021 ഫെബ്രുവരി ആകുമ്പോഴേക്കും ഇന്ത്യയിൽ പ്രതിദിനം 2.87 ലക്ഷം വരെ രോഗബാധിതർ ഉണ്ടായേക്കാം എന്നാണ് മസാച്യുസെറ്റ്സ് ടെക്നോളജി ഗവേഷകർ നടത്തിയ പഠനത്തിൽ കണ്ടെത്തിയിട്ടുള്ളത്.
രോഗബാധ ഏറ്റവുമധികം ബാധിക്കുന്ന രാജ്യമായി ഇന്ത്യ മാറും. പ്രതിദിന പരിശോധന ഫലം ഒരാളിൽ നിന്ന് എട്ടു പേരിലേക്ക് രോഗം വ്യാപിക്കുമെന്ന കണ്ടെത്തൽ. ജൂലൈ 1 മുതൽ പ്രതിദിന രോഗബാധയിൽ 0.1% വർധനയുണ്ടാകുമെന്ന കണക്ക് കൂട്ടൽ എന്നിവ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്.