India National

കുടി ഒഴിപ്പിക്കൽ ഭീഷണി

സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് കുടി ഒഴിപ്പിക്കൽ ഭീഷണി നേരിടുന്ന ആദിവാസികളുടെ കണക്ക് സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരുകളോട് കേന്ദ്രം ആവശ്യപ്പെട്ടതായി സൂചന. വനാവകാശ നിയമപ്രകാരം വനത്തില്‍ കഴിയാന്‍ അയോഗ്യരെന്ന് കണ്ടത്തിയവരുടെ കണക്കാണ് ആവശ്യപ്പെട്ടത്. എണ്ണം വളരെ കൂടുതലാണെങ്കില്‍ ഉചിതമായ ഇടപെടലുണ്ടാകുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

2006ലെ വനാവകാശ നിയമത്തിന്റെ സാധുത ചോദ്യം ചെയ്ത് വൈല്‍ഡ് ലൈഫ് ഫസ്റ്റ് എന്ന പരിസ്ഥിതി സംഘടന സമര്‍പ്പിച്ച ഹര്‍ജിയില്‍ കഴിഞ്ഞ ദിവസമാണ് സുപ്രീം കോടതി നിര്‍ണായക ഉത്തരവിട്ടത്. വനാവകാശ നിയമപ്രകാരം വനഭൂമിക്ക് അര്‍ഹത ഇല്ലാത്ത ആദിവാസികളെ ജൂലൈ 27നകം ഒഴിപ്പിക്കണം എന്നായിരുന്ന ഉത്തരവ്.

16 സംസ്ഥാനങ്ങള്‍ നല്‍കിയ കണക്ക് പ്രകാരം ആകെ 11,27,446 കുടുംബങ്ങള്‍ ഒഴിപ്പിക്കപ്പെടും. എല്ലാ സംസ്ഥാനങ്ങളുടെയും കണക്ക് കിട്ടുമ്പോള്‍ ഇത് 23 ലക്ഷത്തിലധികമായി ഉയരും എന്നാണ് കണക്ക്. സുപ്രീം കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകര്‍ ഈ ഹര്‍ജിയെ പ്രതിരോധിച്ചില്ലെന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കേന്ദ്രം ഇടപെടുന്നത്.

ഒഴിപ്പിക്കല്‍ ഭീഷണി നേരിടുന്ന ആദിവാസികളുടെ കണക്ക് സംസ്ഥാനങ്ങള്‍ അടിയന്തരമായി കൈമാറണം. കേന്ദ്ര ആദിവാസി മന്ത്രാലയ സെക്രട്ടറി ദീപക് ഖാണ്ഡേക്കർ ഇക്കാര്യം ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരുകൾക്ക് കത്തയച്ചതായാണ് വിവരം. സംസ്ഥാന സർക്കാരുകളുടെ യോഗം ഉടന്‍ വിളിച്ചു ചേർത്തേക്കും. ഒഴിപ്പിക്കേണ്ടവരുടെ എണ്ണം വളരെ കൂടുതൽ ആണെങ്കിൽ കേന്ദ്ര സർക്കാർ ഇടപെടൽ ഉണ്ടാകും എന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.