പാര്‍ലമെന്‍റിന്‍റെ ശൈത്യകാല സമ്മേളനം ഇന്ന് ആരംഭിക്കും. പൌരത്വ ഭേദഗതി ബില്‍ അടക്കം 27 ബില്ലുകള്‍ കേന്ദ്രസര്‍ക്കാര്‍ ഈ സമ്മേളനത്തില്‍ അവതരിപ്പിക്കും. എന്നാല്‍ സാമ്പത്തിക പ്രതിസന്ധി ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സഭക്കകത്ത് സര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധം തീര്‍ക്കാനാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം. കഴിഞ്ഞ തവണ ഭരണപക്ഷത്തായിരുന്ന ശിവസേനയുടെ സ്ഥാനം ഇത്തവണ പ്രതിപക്ഷത്തായിരിക്കും.
ലോക്സഭ തെരഞ്ഞെടുപ്പിലെ മിന്നുന്ന വിജയത്തിന് ശേഷം വലിയ ആത്മവിശ്വാസത്തോടെയാണ് ആദ്യ പാര്‍ലമെന്‍റ് സമ്മേളനം മോദി സര്‍ക്കാര്‍ ചേര്‍ന്നത്. എന്നാല്‍ സര്‍ക്കാരിനെ സംബന്ധിച്ച് മഹാരാഷ്ട്ര, ഹരിയാന തെരഞ്ഞെടുപ്പിലെ തിരിച്ചടി ശൈത്യകാല സമ്മേളനത്തിന് മങ്ങലേല്‍പ്പിച്ചിട്ടുണ്ട്. അതേസമയം മഹാരാഷ്ട്രയിലെ സഖ്യസര്‍ക്കാര്‍ രൂപികരണവും ഹരിയാനയിലെ ഭേദപ്പെട്ട പ്രകടനവും കോണ്‍ഗ്രസ് ഉള്‍പ്പെടെയള്ള പ്രതിപക്ഷത്തിന് കരുത്ത് പകരുന്നു. ജമ്മു കശ്മീരിലെ മുതിര്‍ന്ന നേതാക്കളായ ഫറൂഖ് അബ്ദുല്ല, മെഹബൂബ മുഫ്തി, ഒമര്‍ അബ്ദുള്ള എന്നിവര്‍ ഇപ്പോഴും തടവില്‍ തുടരുകയാണ്. ഈ സാഹചര്യം അടക്കമുള്ളവ ചൂണ്ടിക്കാട്ടി പ്രതിപക്ഷം ആദ്യദിനം തന്നെ പ്രതിഷേധത്തിലേക്ക് കടക്കാനാണ് സാധ്യത. സാമ്പത്തിക പ്രതിസന്ധിയില്‍ സഭക്കകത്തും പുറത്തും ഒരു പോലെ പ്രതിഷേധം തീര്‍ക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ഡിസംബര്‍ പതിമൂന്നിന് അവസാനിക്കുന്ന സമ്മേളനത്തില്‍ സര്‍ക്കാരിന് പൌരത്വഭേദഗതി ബില്‍, ഡല്‍ഹിയിലെ അനധികൃത കോളനികള്‍ നിയമപരമാക്കുന്നത് തുടങ്ങിയ ബില്ലുകള്‍ പാസാക്കുകയും വേണം. ആകെ 27 ബില്ലുകള്‍ ആണ് ഈ സമ്മേളനത്തില്‍ സര്‍ക്കാര്‍ അവതരിപ്പിക്കുക.