India National

ബിഹാറില്‍ ജെ.ഡി.യു ആകെ നേടിയത് 43 സീറ്റ്: പ്രതാപം നഷ്ടപ്പെട്ട് നിതീഷ് കുമാര്‍

ബി.ജെ.പിയുടെ ഔദാര്യത്താല്‍ മുഖ്യമന്ത്രിയാകേണ്ട അവസ്ഥയിലാണ് രാഷ്ട്രീയ ചാണക്യൻ നിതീഷ് കുമാർ. എന്‍.ഡി.എയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബി.ജെ.പി മാറിയതോടെ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടിരിക്കുയാണ് ജെഡിയു. നിതീഷിന്‍റെ തകർച്ചയില്‍ പ്രധാന പങ്ക് എൽ.ജെ.പി അധ്യക്ഷൻ ചിരാഗ് പാസ്വാനാണ്.

സംഘടന ശേഷിയോ, പ്രധാന ജാതിവിഭാഗങ്ങളുടെ പിന്തുണയോ ഇല്ലാഞ്ഞിട്ടും 15 വർഷം സുശാസൻ ബാബു അല്ലെങ്കിൽ വികസന നായകൻ എന്ന പേരില്‍ അധികാരത്തിലിരുന്നു നീതീഷ് കുമാർ. 20 ശതമാനത്തിൽ താഴെ വോട്ട് ഉണ്ടായിരുന്നപ്പോഴും ചോദ്യം ചെയ്യപ്പെടാത്ത നേതാവായിരുന്നു. അക്കാലം മാറി.

മറികടക്കാനാകാത്ത ഭരണവിരുദ്ധവികാരം, അകന്നുപോയ പരമ്പരാഗത വോട്ടുകൾ, ദേശീയ തലത്തിൽ എന്‍.ഡി.എ സഖ്യത്തിന്‍റെ ഭാഗമായ എൽ‌.ജെ.പിയുടെ തന്ത്രപരമായ നീക്കങ്ങൾ, പാതി കൈവിട്ട ബിജെപി. നിസ്സഹായനായി തകർച്ച കണ്ടു നില്‍ക്കുകയായിരുന്നു നിതീഷ് കുമാർ.

2015ലെ 71 സീറ്റിൽ നിന്ന് ജെ.ഡി.യു 50ന് താഴെക്ക് വീണു. 53 സീറ്റിൽ നിന്ന് ബി.ജെ.പി എഴുപതിന് മുകളിലേക്കും. നിതീഷിന്റെ വീഴ്ചയില്‍ പ്രധാന പങ്ക് എൽ.ജെ.പി അധ്യക്ഷൻ ചിരാഗ് പാസ്വാനാണ് നിതീഷിനെ മുഖ്യമന്ത്രി കസരേയിൽ നിന്ന് പുറത്താക്കുക അച്ഛൻ രാംവിലാസ് പാസ്വാന്‍റെ ആഗ്രഹമായിരുന്നു. ജെ.ഡി.യു മത്സരിച്ച എല്ലാ മണ്ഡലങ്ങളിലും എൽ.ജെ.പി സ്ഥാനാർത്ഥികളെ നിറുത്തി. നേട്ടമുണ്ടായില്ലെങ്കിലും ജെ.ഡി.യുവിനെ തകർക്കാനായി ചിരാഗ് പസ്വാന്‍.

നിതീഷ്‌കുമാറിനെ ഒതുക്കണമെന്ന ലക്ഷ്യം ബി.ജെ.പിയും ചിരാഗിലൂടെ സാധിച്ചെടുത്തു. പ്രായവും സ്വാധീനക്കുറവും നീതീഷിന് ഇനിയൊരു തിരിച്ചു വരവ് സാധ്യമാക്കിയേക്കില്ല.