India National

“ഞാന്‍ ആത്മഹത്യ ചെയ്താല്‍ എങ്കിലും ചിന്മയാനന്ദിനെ അറസ്റ്റ് ചെയ്യുമോ?” യു.പി സര്‍ക്കാരിനോട് വിദ്യാര്‍ഥിനി

ബി.ജെ.പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ചിന്മയാനന്ദിനെ അറസ്റ്റ് ചെയ്യാനോ ബലാത്സംഗ കുറ്റം ചുമത്താനോ പ്രത്യേക അന്വേഷണ സംഘം തയ്യാറാവാത്തത് എന്തുകൊണ്ടെന്ന് പരാതിക്കാരി. സി.ആര്‍.പി.സി 164 വകുപ്പ് പ്രകാരം തന്റെ മൊഴി രേഖപ്പെടുത്തിയിട്ടും അറസ്റ്റുണ്ടായില്ല. 15 ദിവസമായി അന്വേഷണം നടന്നുവരികയാണ്. എസ്.ഐ.ടി ചിന്മയാനന്ദിനെ രക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നും നിയമ വിദ്യാര്‍ഥിനി പറഞ്ഞു.

“ചിലപ്പോള്‍ സര്‍ക്കാര്‍ കാത്തിരിക്കുന്നത് ഞങ്ങള്‍ ജീവനൊടുക്കാന്‍ വേണ്ടിയാവാം. ഞാന്‍ ആത്മഹ്യ ചെയ്താലെങ്കിലും ഭരണകൂടം എന്നെ വിശ്വസിക്കുമോ?” യു.പി സര്‍ക്കാരിനോടാണ് യുവതിയുടെ ചോദ്യം.

ചിന്മയാനന്ദിനെതിരെ തെളിവുകള്‍ നല്‍കിയിട്ടും ഒരു നടപടിയും ഉണ്ടാവാതിരുന്നതിനെ തുടര്‍ന്നാണ് യുവതിയുടെ പ്രതികരണം. ചിന്മയാനന്ദനെതിരെ 43 ദൃശ്യങ്ങള്‍ അടങ്ങിയ പെന്‍ ഡ്രൈവ് വിദ്യാര്‍ഥിനി അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു. യുവതിയുടെ മൊഴി മജിസ്ട്രേറ്റും രേഖപ്പെടുത്തിയിട്ടുണ്ട്. ചിന്മയാനനന്ദ് ഷാജഹാന്‍പുരിലെ ജില്ലാ ആശുപത്രിയിലാണ്.

ചിന്മയാനന്ദിന് കീഴിലുള്ള നിയമ കോളജിലാണ് വിദ്യാര്‍ഥിനി പഠിച്ചിരുന്നത്. ഹോസ്റ്റലിലെ ബാത്ത് റൂമില്‍ നിന്നും നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തി ഇത് ഉപയോഗിച്ച് നിരന്തരം ഭീഷണിപ്പെടുത്തുകയും പീഡനത്തിന് ഇരയാക്കുകയും ചെയ്തു എന്നാണ് വിദ്യാര്‍ഥിനി പരാതിയില്‍ പറയുന്നത്.