India National

വിദ്യാര്‍ഥികളുടെ ജീവന്‍ അപകടത്തിലാകും; നീറ്റ്, ജെ.ഇ.ഇ പരീക്ഷകള്‍ നീട്ടിവയ്ക്കണമെന്ന് മമതാ ബാനര്‍ജി

ഇത് രണ്ടാം തവണയാണ് പരീക്ഷ നീട്ടിവയ്ക്കണമെന്ന് മമത കേന്ദ്രത്തോട് ആവശ്യപ്പെടുന്നത്

കോവിഡ് വ്യാപനം അനുദിനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ നീറ്റ്,ജെ.ഇ.ഇ പരീക്ഷകള്‍ നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ട് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. നിശ്ചയിച്ച പ്രകാരം പരീക്ഷകള്‍ നടത്തുകയാണെങ്കില്‍ അത് വിദ്യാര്‍ഥികളുടെ ജീവന് തന്നെ ഭീഷണിയാണെന്ന് മമതാ ട്വീറ്റ് ചെയ്തു. ഇത് രണ്ടാം തവണയാണ് പരീക്ഷ നീട്ടിവയ്ക്കണമെന്ന് മമത കേന്ദ്രത്തോട് ആവശ്യപ്പെടുന്നത്.

2020 സെപ്റ്റംബർ അവസാനത്തോടെ സർവകലാശാലകളിലും കോളേജുകളിലും ടെർമിനൽ പരീക്ഷകൾ പൂർത്തിയാക്കണമെന്ന യുജിസി മാർഗ്ഗനിർദ്ദേശങ്ങൾക്കെതിരെ പ്രധനാമന്ത്രിയുടെ വീഡിയോ കോണ്‍ഫറന്‍സില്‍ താന്‍ പറഞ്ഞിരുന്നതായും മമതയുടെ ട്വീറ്റില്‍ പറയുന്നു. സെപ്റ്റംബറിൽ നീറ്റ്, ജെഇഇ 2020 നടത്താനുള്ള വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ നിർദ്ദേശത്തിനെതിരെ ഇതിന്‍റെ അപകടസാധ്യത വീണ്ടും വിലയിരുത്താനും സാഹചര്യം വീണ്ടും അനുകൂലമാകുന്നതുവരെ ഈ പരീക്ഷകൾ മാറ്റിവയ്ക്കാനും ഞാൻ വീണ്ടും കേന്ദ്രത്തോട് അഭ്യർത്ഥിക്കുന്നു. ഞങ്ങളുടെ എല്ലാ വിദ്യാർത്ഥികൾക്കും സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കേണ്ടത് ഞങ്ങളുടെ കടമയാണന്നും മമത ട്വീറ്റ് ചെയ്തു.

സെപ്തംബര്‍ 1 മുതല്‍ ആറ് വരെയാണ് ജെ.ഇ.ഇ പരീക്ഷ. നീറ്റ് പരീക്ഷ സെപ്തംബര്‍ 13നാണ്. പരീക്ഷ നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി തള്ളിയിരുന്നു. നീറ്റ് പരീക്ഷയില്‍ തിയതില്‍ മാറ്റമില്ലെന്ന സുപ്രിം കോടതി വിധ പ്രവാസി വിദ്യാര്‍ഥികളെയും ബുദ്ധിമുട്ടിലാക്കുന്നുണ്ട്. രണ്ടാഴ്ചക്കാലം നാട്ടിലെ ക്വാറന്‍റൈന്‍ പൂർത്തീകരിച്ചു വേണം പ്രവാസി വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ.