രണ്ടു ദിവസം നീണ്ട അനിശ്ചിതത്വത്തിന് ഒടുവില്‍, ബി.എസ്. യദ്യൂരിയപ്പ കര്‍ണാടകയുടെ മുഖ്യമന്ത്രി കസേരയിലേയ്ക്ക്. ഇന്ന് വൈകിട്ട് ആറിനും ആറേ കാലിനും ഇടയ്ക്കാണ് സത്യപ്രതിജ്ഞ. ഇന്ന് മറ്റാരെങ്കിലും സത്യപ്രതിജ്ഞ ചെയ്യുമോ എന്ന കാര്യം ഇനിയും തീരുമാനിച്ചിട്ടില്ല. വിമതരുടെ കാര്യത്തില്‍ തീരുമാനമാകാത്ത സാഹചര്യത്തില്‍ എം.എല്‍.എമാരുടെ എണ്ണം സംബന്ധിച്ച് ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന് ഇപ്പോഴും ആശങ്കയുണ്ട്.
ഇന്ന് രാവിലെ പത്ത് മണിയ്ക്കാണ് സര്‍ക്കാര്‍ രൂപീകരിയ്ക്കാന്‍ അവകാശവാദവുമായി യദ്യൂരിയപ്പയും നേതാക്കളും ഗവര്‍ണര്‍ വാജു ഭായി വാലയെ സമീപിച്ചത്. അനുമതി ലഭിച്ചയുടന്‍ സമയം പ്രഖ്യാപിച്ചു. വിമത എം.എല്‍.എമാരുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സ്പീക്കര്‍ കൂടുതല്‍ സമയമെടുക്കുന്ന സാഹചര്യത്തില്‍, സര്‍ക്കാര്‍ രൂപീകരണം വൈകിയേക്കുമെന്ന സൂചനയുണ്ടായിരുന്നു. ഇന്നലെ ഡല്‍ഹിയിലെത്തിയ സംസ്ഥാന നേതാക്കള്‍ ദേശീയ അധ്യക്ഷനുമായി ചര്‍ച്ച നടത്തിയിരുന്നെങ്കിലും തീരുമാനമായിരുന്നില്ല. ഇന്ന് വീണ്ടും ചര്‍ച്ചകള്‍ നടക്കുമെന്ന സൂചനകളുണ്ടായിരുന്നു. അതിനിടെയാണ് യദ്യൂരിയപ്പ ഗവര്‍ണറെ കണ്ടതും സമയം തീരുമാനിച്ചതും.
225 അംഗ മന്ത്രി സഭയില്‍ മൂന്നു പേരെ മാത്രമാണ് സ്പീക്കര്‍ ഇന്നലെ സഭയില്‍ നിന്ന് അയോഗ്യരാക്കിയത്. ഈ സമ്മര്‍ദ്ദ തന്ത്രത്തിലൂടെ വിമതരെ ബി.ജെ.പിയ്ക്ക് എതിരാക്കുകയായിരുന്നു ലക്ഷ്യം. ഈ സാഹചര്യം തുടര്‍ന്നാല്‍ പ്രതിസന്ധി രൂക്ഷമായേക്കുമെന്ന സൂചനയാണ് ബി.ജെ.പിയെ വേഗത്തില്‍ സര്‍ക്കാര്‍ രൂപീകരിയ്ക്കാന്‍ പ്രേരിപ്പിച്ചത്. വിമതരുടെ രാജി സ്വീകരിയ്ക്കാത്തതിനാല്‍ സഭയിലെ ആകെ അംഗസംഖ്യ, 223 ആണ്. കേവലഭൂരിപക്ഷം 112 ആവും. ബി.ജെ.പി സഭയില്‍ ഭൂരിപക്ഷം തെളിയിക്കുന്ന സമയം വിമതരില്‍ നിന്ന് എതിര്‍പ്പുണ്ടായാല്‍, സര്‍ക്കാറിന് പ്രതിസന്ധിയാകും. ഇതുതന്നെയാണ് ബി.ജെ.പി കേന്ദ്രനേതൃത്വം ആശങ്കയോടെ കാണുന്നതും.