ബംഗാള്‍ മുഖ്യമന്ത്രി തനിക്ക് സമ്മാനങ്ങൾ നൽകാറുണ്ടെന്ന മോദിയുടെ പരാമർശത്തിന് മറുപടിയുമായി മമതാ ബാനർജി. തങ്ങൾ അതിഥികൾക്ക് രസഗുളയും കുർത്തയുമൊക്കെ സമ്മാനമായി നൽകും, എന്നാൽ ഒരൊറ്റ വോട്ടും നൽകാറില്ലെന്നാണ് മമത പറഞ്ഞത്.
നടൻ അക്ഷയ് കുമാറുമായുള്ള അഭിമുഖത്തിനിടെയായിരുന്നു, ബംഗാൾ മുഖ്യമന്ത്രിയും താനും തമ്മിൽ നല്ല സൗഹൃദത്തിലാണ് ഉള്ളതെന്ന് പറഞ്ഞത്. രാഷ്ട്രീയ ശത്രുതയ്ക്കിടയിലും മമത ബാനർജി തനിക്ക് സമ്മാനങ്ങൾ അയച്ചിരുന്നു എന്നാണ് മോദി പറഞ്ഞത്. എന്നാൽ കോൺഗ്രസും ഇത് ഇടതുപാർട്ടികളും അടക്കം ചോദ്യം ചെയ്യുകയും ബി.ജെ.പി-തൃണമൂൽ കൂട്ടുകെട്ടായി ആരോപിക്കുകയും ചെയ്യുകയുണ്ടായി.
ബംഗ്ലാദേശ് പ്രധാനമന്ത്രി തനിക്ക് സമ്മാനങ്ങൾ അയക്കുമായിരുന്നു. ഇത് മനസ്സിലാക്കിയ ബംഗാൾ മുഖ്യമന്ത്രിയും പിന്നീട് തനിക്ക് സമ്മാനങ്ങൾ അയച്ചിരുന്നു എന്നാണ് മോദി പറഞ്ഞത്.
എന്തും രാഷ്ട്രീയവത്ക്കരിക്കുകയാണ് മോദി ചെയ്യുന്നതെന്നാണ് ഇതിന് പ്രതികരണവുമായി എത്തിയ തൃണമൂൽ കോൺഗ്രസ് പറഞ്ഞത്. മോദിയുടെ വാക്കുകൾ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണെന്ന് പറഞ്ഞ തൃണമൂൽ വക്താക്കൾ, ബംഗാളിൽ നിർണായക സ്വാധിനമുള്ള ന്യൂനപക്ഷ വോട്ടുകൾ ഭിന്നിപ്പിച്ചേക്കുമെന്നും കണക്ക് കൂട്ടി.