India National

ബംഗളൂരു സംഘര്‍ഷം; യു.പിയിലേത് പോലെ സ്വത്തുവകകള്‍ കണ്ടുകെട്ടുമെന്ന് കര്‍ണാടക മന്ത്രി

കോൺഗ്രസ്‌ എം.എൽ.എ അഖണ്ഡ ശ്രീനിവാസ മൂർത്തിയുടെ ബന്ധു നവീന്‍ മതവിദ്വേഷം നിറഞ്ഞ ഫേസ്ബുക്ക് പോസ്റ്റിട്ടതിനെ തുടര്‍ന്നാണ് നഗരത്തില്‍ സംഘര്‍ഷമുണ്ടായത്

ബംഗളൂരു സംഘര്‍ഷത്തില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍. സംഘര്‍ഷം ആസൂത്രിതമായിരുന്നുവെന്ന് കര്‍ണാടക മന്ത്രി സി.ടി. രവി പറഞ്ഞു. പൗരത്വബില്ലിനെതിരെ കഴിഞ്ഞ വര്‍ഷം നടന്ന പ്രക്ഷോഭത്തിന് പിന്നാലെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പൊതുമുതല്‍ നഷ്ടം സമരക്കാരില്‍ നിന്ന് ഈടാക്കിയതിന് സമാനമായി ബെംഗളൂരുവിലും ഈടാക്കുമെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി ബാസവരാജ് ബൊമ്മൈ അറിയിച്ചു.

“കലാപം ആസൂത്രണം ചെയ്തിരുന്നു. സ്വത്തുക്കള്‍ നശിപ്പിക്കാന്‍ പെട്രോള്‍ ബോംബും കല്ലുകളും ഉപയോഗിച്ചു. മൂന്നൂറിലധികം വാഹനങ്ങള്‍ നശിപ്പിച്ചു. അക്രമത്തില്‍ ഞങ്ങള്‍ക്ക് സംശയമുണ്ട്. അന്വേഷണത്തിന് ശേഷം മാത്രമേ സ്ഥിരീകരിക്കാനാകൂ. ഉത്തര്‍പ്രദേശിന് സമാനമായി സ്വത്ത് നഷ്ടം കലാപകാരികളില്‍ നിന്ന് ഈടാക്കും”, മന്ത്രി പറഞ്ഞു.

കോൺഗ്രസ്‌ എം.എൽ.എ അഖണ്ഡ ശ്രീനിവാസ മൂർത്തിയുടെ ബന്ധു നവീന്‍ മതവിദ്വേഷം നിറഞ്ഞ ഫേസ്ബുക്ക് പോസ്റ്റിട്ടതിനെ തുടര്‍ന്നാണ് നഗരത്തില്‍ സംഘര്‍ഷമുണ്ടായത്. ഇന്നലെ രാത്രി 10 മണിയോടെയാണ് നഗരത്തില്‍ സംഘര്‍ഷം ആരംഭിച്ചത്. അഖണ്ഡ ശ്രീനിവാസ മൂര്‍ത്തി എം.എല്‍.എയുടെ കാവല്‍ബൈരസാന്ദ്രയിലെ വീടിന് നേരെയാണ് ആദ്യം അക്രമമുണ്ടായത്. വീടിന് തീയിട്ട പ്രതിഷേധക്കാര്‍ വാഹനങ്ങളും തകര്‍ത്തു. പിന്നീട് പൊലീസ് ഇടപെടലുണ്ടായതോടെ സംഘം ഡി.ജെ ഹള്ളി പൊലീസ് സ്റ്റേഷനിലേക്ക് എത്തി. ഇവിടെവച്ചാണ് സംഘര്‍ഷം കൂടുതല്‍ ശക്തമായത്. പ്രതിഷേധം തടയുന്നതിന്റെ ഭാഗമായി പൊലീസ് നടത്തിയ വെടിവെപ്പിലാണ് മൂന്ന് പേര്‍ മരിച്ചത്. ഇവരുടെ പേരുവിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

തന്റെ ഫേസ്ബുക്ക് ഹാക്ക് ചെയ്യപ്പെട്ടതാണെന്ന് നവീന്‍ നല്‍കിയ ആദ്യ പ്രതികരണം. ആളുകള്‍ അക്രമത്തില്‍ നിന്ന് പിന്തിരിയണമെന്നും തെറ്റ് ചെയ്തവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും എം.എൽ.എ അഖണ്ഡ ശ്രീനിവാസ മൂർത്തി പറഞ്ഞു. ബംഗളൂരു നഗരത്തില്‍ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഡിജെ ഹള്ളി, കെജി ഹള്ളി പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. നിയമപരമായ നടപടികള്‍ ഉണ്ടാകുമെന്നും അക്രമികള്‍ക്കെതിരെ ശക്തമായ നടപടികളെടുക്കുമെന്നും മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ അറിയിച്ചു. അതിനിടെ ഡി.ജെ ഹള്ളിയില്‍ അമ്പലത്തിന് നേരെ ആക്രമണമുണ്ടാവാതിരിക്കാന്‍ മുസ്‍ലിം യുവാക്കള്‍ രംഗത്തിറങ്ങിയതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു.