India

ഇത് യു.പി സർക്കാരിന്റെ രാഷ്ട്രീയ പകപോക്കൽ ; കോടതിയെ സമീപിക്കും: ഡോ.കഫീൽ ഖാൻ

സർവീസിൽ നിന്ന് പിരിച്ചുവിട്ടതിനെതിരെയുള്ള സർക്കാരിന്റെ ജനവിരുദ്ധ നടപടികൾക്കെതിരെ ശബ്ദിക്കുമെന്ന് ഡോ. കഫീൽ ഖാൻ. അനീതിക്കെതിരെ ശബ്ദിക്കുക എന്നത് തന്റെ കർമമാണ് കേസുമായി ബന്ധപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് ഡോ. കഫീൽ ഖാൻ പറഞ്ഞു. സർവീസിൽ നിന്ന് പിരിച്ചുവിട്ട സംഭവം വിചിത്രമെന്ന് അദ്ദേഹം പറഞ്ഞു.

പിരിച്ചുവിടൽ സംബന്ധിച്ച് നേരിട്ട് ഒരു വിവരവും സർക്കാർ തന്നിട്ടില്ല. മാധ്യമങ്ങളിലൂടെയാണ് സർക്കാർ പിരിച്ചുവിടൽ നടപടി അറിയിക്കുന്നത്. തനിക്കെതിരായ യു.പി സർക്കാരിന്റെ നടപടി രാഷ്ട്രീയ പകപോക്കലാണോ എന്ന് സംശയിക്കുന്നു. രേഖാമൂലം അറിയിപ്പ് ലഭിച്ചാൽ നിയമ നടപടി സ്വീകരിക്കും.

സർക്കാരിന്റെ ജനവിരുദ്ധ നടപടികൾക്കെതിരെ ശബ്ദിക്കുമെന്നും കഫീൽ ഖാൻ വ്യക്തമാക്കി. 2017ൽ ഓക്സിജൻ ക്ഷാമത്തെ തുടർന്ന് ഗോരഖ്പൂർ ബിആർഡി മെഡിക്കൽ കോളജിൽ 63 കുഞ്ഞുങ്ങൾ മരിച്ചതുമായി ബന്ധപ്പെട്ടാണ് നടപടി. 2017 മുതൽ കഫീൽ ഖാൻ സസ്പെൻഷനിലായിരുന്നു.

ഇതിനെതിരായ നിയമപോരാട്ടം തുടരവെയാണ് സർവീസിൽ നിന്നും പിരിച്ച് വിട്ടത്. നടപടി ദുരുദ്ദേശപരമെന്നും വിദ്വേഷ അജണ്ട വച്ച് സർക്കാർ ഉപദ്രവിക്കുകയാണെന്നും കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു. നീതിക്കായുള്ള പോരാട്ടത്തിൽ കോൺഗ്രസ് കഫീൽ ഖാനൊപ്പം നിൽക്കുമെന്നും പ്രിയങ്ക വ്യക്തമാക്കി.