പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുമെതിരെ മുദ്രാവാക്യം വിളിക്കുന്നവരെ ജീവനോടെ കുഴിച്ചുമൂടുമെന്ന് ഉത്തർപ്രദേശ് മന്ത്രി രഘുരാജ് സിങ്. പൗരത്വ ഭേദഗതി നിയമത്തിന് (സി.എ.എ) പിന്തുണ തേടി അലിഗഡിൽ നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് മന്ത്രിയുടെ ഭീഷണി.
”പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയോ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെയോ നിങ്ങൾ മുദ്രാവാക്യം വിളിച്ചാൽ ഞാൻ നിങ്ങളെ ജീവനോടെ കുഴിച്ചിടും,” – എന്നായിരുന്നു മന്ത്രിയുടെ ഭീഷണി. സി.എ.എയ്ക്കെതിരെ അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി വിദ്യാർഥികൾ നടത്തിയ പ്രതിഷേധത്തെക്കുറിച്ച് പരാമർശിക്കുന്നതിനിടെയായിരുന്നു മന്ത്രി ഭീഷണി ഉയര്‍ത്തിയത്. പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും എതിരെ ഈ റാലിയില്‍ മുദ്രാവാക്യം മുഴങ്ങിയിരുന്നു.
“ഒരു ശതമാനം ആളുകൾ മാത്രമാണ് സി.എ.എയെ എതിർക്കുന്നത്. എന്നിട്ട് അവർ ഇന്ത്യയിൽ തന്നെ ജീവിക്കുന്നു, ഞങ്ങളുടെ നികുതി പണം തിന്നുന്നു, തുടർന്ന് നേതാക്കൾക്കെതിരെ മൂർദാബാദ് മുദ്രാവാക്യങ്ങൾ മുഴക്കുന്നു. ഈ രാജ്യം എല്ലാ മതവിശ്വാസികളുടേതാണ്, എന്നാൽ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും എതിരെ മുദ്രാവാക്യം വിളിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു.
ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെതിരെയും മന്ത്രി മോശം പരാമര്‍ശം നടത്തി. “എന്തായിരുന്നു നെഹ്റുവിന്റെ ജാതി? അദ്ദേഹത്തിന് ഒരു ‘പാരമ്പര്യവും’ ഇല്ലായിരുന്നു എന്നും മന്ത്രി പറഞ്ഞു. ഉത്തർപ്രദേശിലെ തൊഴിൽ വകുപ്പ് സഹമന്ത്രിയാണ് രഘുരാജ് സിങ്.