India National

‘ബലാക്കോട്ട് ആക്രമണത്തിന്റെ തെളിവ് വേണം’ കൊല്ലപ്പെട്ട മറ്റൊരു ജവാന്റെ ഭാര്യ കൂടി രംഗത്ത്

ബലാക്കോട്ട് ആക്രമണത്തിന്റെ തെളിവ് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട മറ്റൊരു ജവാന്റെ ഭാര്യ കൂടി രംഗത്ത്. പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്‍ രാം വക്കീലിന്റെ ഭാര്യ ഗീതാ ദേവിയാണ് തെളിവ് ആവശ്യപ്പെട്ടത്.

”പുല്‍വാമ ഭീകരാക്രമണത്തില്‍ നമ്മുടെ ജവാന്‍മാരുടെ മൃതശരീരങ്ങള്‍ നമുക്ക് ലഭിച്ചിരുന്നു. എന്നാല്‍ അത്തരത്തില്‍ യാതൊരു തെളിവും ബലാക്കോട്ട് ആക്രമണത്തിന് ശേഷം കണ്ടെത്താനായില്ല.” ഗീതാ ദേവി പറഞ്ഞു. ഉത്തര്‍പ്രദേശിലെ മെയിന്‍പുരില്‍ നിന്നുള്ള രാം വക്കീല്‍, ഒരു മാസത്തെ അവധിക്ക് ശേഷം ഫെബ്രുവരി 11നായിരുന്നു കശ്മീരിലേക്ക് തിരികെ പോയത്. നാലിനും പന്ത്രണ്ടിനും ഇടയില്‍ പ്രായമുള്ള മൂന്ന് ചെറിയ കുട്ടികളാണ് ഇവര്‍ക്കുള്ളത്.

എന്താണ് സംഭവിച്ചതെന്ന് ജനങ്ങള്‍ക്ക് അറിയണമെന്ന് രാം വക്കീലിന്റെ സഹോദരി രാംരക്ഷയും പറഞ്ഞു. ”300ഓളം ആളുകള്‍ കൊല്ലപ്പെട്ടെന്ന് പറയുമ്പോള്‍ അതിന് എന്തെങ്കിലും തെളിവും നല്‍കണം. അല്ലാതെ ആക്രമണം നടന്നെന്നും ഭീകരര്‍ കൊല്ലപ്പെട്ടെന്നും ഞങ്ങള്‍ എങ്ങനെ വിശ്വസിക്കും..?” രാംരക്ഷ ചോദിച്ചു. ഒരാഴ്ച മുമ്പ് മറ്റൊരു സി.ആര്‍.പി.എഫ് ജവാന്‍റെ വിധവയായ ശ്യാമ്‍ലിയും ഇതേ ആവശ്യമുന്നയിച്ച് മുന്നോട്ട് വന്നിരുന്നു.