ഝാര്‍ഖണ്ഡിലെ മഹാസഖ്യത്തിന്റെ വിജയം അടുത്ത വര്‍ഷം നടക്കുന്ന ബിഹാര്‍ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ആര്‍.ജെ.ഡി. ഒരു സീറ്റ് മാത്രമേ നേടാനായുള്ളുവെങ്കിലും ബിഹാര്‍ ഝാര്‍ഖണ്ഡ് അതിര്‍ത്തികളിലെ മണ്ഡലങ്ങളില്‍ മികച്ച മത്സരം കാഴ്ച വയ്ക്കാന്‍ ആര്‍.ജെ.ഡിക്കായിട്ടുണ്ട്. ജെ.ഡി.യു. എല്‍.ജെ.പി പാര്‍ട്ടികള്‍ക്ക് ഒരു സീറ്റ് പോലും ഝാര്‍ഖണ്ഡില്‍ നേടാനായില്ല എന്നതും ആര്‍.ജെ.ഡിക്ക് കരുത്താണ്.
മത്സരിച്ച ഛത്രയില്‍ മാത്രമാണ് ആര്‍.ജെ.ഡിക്ക് വിജയിക്കാനായത്. സഖ്യത്തിനായി ഇത്തവണ മത്സരിക്കുന്ന സീറ്റുകളില്‍ കടുംപിടുത്തം വേണ്ടെന്നായിരുന്നു ലാലു പ്രസാദിന്റെ നിര്‍ദേശം. അതിനാല്‍ വിട്ട് വീഴ്ചക്കൊടുവില്‍ ഏഴ് സീറ്റുകളില്‍ മാത്രമാണ് ആര്‍.ജെ.ഡി മത്സരിച്ചത്. പാര്‍ട്ടിക്ക് ഒറ്റക്ക് തിരിച്ചടിയേറ്റുവെങ്കിലും ലാലുവിനും തേജസ്വിക്കും ആശ്വാസം നല്‍കുന്ന നിരവധി ഘടകങ്ങള്‍ ജാര്‍ഖണ്ഡ് തെരഞ്ഞെടുപ്പിലുണ്ട്. ബി.ജെ.പി ജയിച്ച ഡിയോഗര്‍, ഗോഡ്ഡ, കൊഡാര്‍മ്മ പോലുള്ള ബിഹാറുമായി അതിര്‍ത്തി പങ്കിടുന്ന ഝാര്‍ഖണ്ഡിലെ മണ്ഡലങ്ങളില്‍ പലതിലും അയ്യായിരത്തില്‍ താഴെ മാത്രം വോട്ടുകള്‍ക്കാണ് ആര്‍.ജെ.ഡി തോറ്റത്. ഒപ്പം സംസ്ഥാനത്ത് പല മണ്ഡലങ്ങളിലും മത്സരിച്ച ജെ.ഡി.യു- എല്‍.ജെ.പി പാര്‍ട്ടികള്‍ക്ക് എവിടെയും കാര്യമായ ചലനം സൃഷിടിക്കാനുമായില്ല. ബി.എസ്.പി , എസ്.പി, ആം ആദ്മി , ഇടത് പാര്‍ട്ടികള്‍ എന്നിവ പല മണ്ഡലങ്ങളിലും മത്സരിച്ചത് ആര്‍.ജെ.ഡിക്ക് ദോഷകരമായി തീരുകയും ചെയ്തു. അല്ലായിരുന്നുവെങ്കില്‍ അതിര്‍ത്തികളിലെ പല മണ്ഡലങ്ങളിലും ആര്‍.ജെ.ഡിക്ക് വിജയിക്കാനാകുമായിരുന്നു. ഝാര്‍ഖണ്ഡിലെ വിജയം എന്തായാലും ബിഹാറിനെയും സ്വാധീനിക്കുമെന്നും ബി.ജെ.പിയോടൊപ്പം പോയ ജെ.ഡി.യുവിനെ ജനം എഴുതി തള്ളുമെന്നുമാണ് പാര്‍ട്ടിയുടെ പ്രതീക്ഷ.
എന്നാല്‍ ബിഹാറിലെയും ഝാര്‍ഖണ്ഡിലെയും ഭൂപ്രദേശങ്ങളും രാഷ്ട്രീയവും രണ്ടാണെന്നും 2020 ല്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ആര്‍.ജെ.ഡിയെ തോല്‍പ്പിക്കുമെന്നുമാണ് ബി.ജെ.പിയുടെ അവകാശവാദം. പല കാര്യത്തിലും ബി.ജെ.പിയോട് എതിര്‍പ്പുള്ള ജെ.ഡി.യു അടുത്ത തെരഞ്ഞെടുപ്പില്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നതില്‍ ബിഹാറിലെ രാഷ്ട്രീയം എന്തായാലും മാറി മറിയും.