India National

പ്രധാനമന്ത്രി ഒളിച്ചിരിക്കുന്നത് എന്തുകൊണ്ട്? എന്താണ് നടന്നതെന്ന് അറിയണം: രാഹുല്‍ ഗാന്ധി

എന്താണ് സംഭവിച്ചതെന്ന് എല്ലാവ‍ർക്കും അറിയണമെന്ന് പറഞ്ഞ രാഹുൽ ​ ചൈനയ്ക്ക് എതിരേയും രൂക്ഷവിമ‍ർശനമാണ് നടത്തിയത്. ഇന്ത്യയുടെ സൈനികരെ കൊലപ്പെടുത്താന്‍ അവര്‍ക്ക് എങ്ങനെ ധൈര്യം വന്നുവെന്ന് രാഹുൽ

ഇന്ത്യ – ചൈന അതിര്‍ത്തിയില്‍ 20 സൈനികരുടെ വീരമൃത്യുവിന് കാരണമായ സംഘർഷത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. പ്രധാനമന്ത്രി എന്തുകൊണ്ടാണ് ഇതേക്കുറിച്ചു പ്രതികരിക്കാത്തതെന്നും പ്രധാനമന്ത്രി ഒളിച്ചിരിക്കുന്നത് എന്തുകൊണ്ടാണെന്നും രാഹുല്‍ ചോദിച്ചു.

എന്താണ് സംഭവിച്ചതെന്ന് എല്ലാവ‍ർക്കും അറിയണമെന്ന് പറഞ്ഞ രാഹുൽ ​ഗാന്ധി ചൈനയ്ക്ക് എതിരേയും രൂക്ഷവിമ‍ർശനമാണ് നടത്തിയത്. ഇന്ത്യയുടെ സൈനികരെ കൊലപ്പെടുത്താനും രാജ്യത്തിന്‍റെ മണ്ണ് കയ്യേറാനും അവര്‍ക്ക് എങ്ങനെ ധൈര്യം വന്നുവെന്ന് രാഹുൽ ട്വീറ്റില്‍ കുറിച്ചു.

തിങ്കളാഴ്ച കിഴക്കൻ ലഡാക്കിലുണ്ടായ സംഘ‍ർഷത്തിൽ 20 ഇന്ത്യൻ സൈനിക‍രാണ് വീരമൃത്യു വരിച്ചത്. 17 ട്രൂപ്പുകളിലുള്ള സൈനികർക്ക് പരിക്കേറ്റു. മോശം കാലാവസ്ഥ സൈനികർക്ക് തിരിച്ചടിയായെന്നും വാർത്താ കുറിപ്പിൽ പറയുന്നു. മരണ സംഖ്യ ഇനിയും ഉയരുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. അതേസമയം 43 ചൈനീസ് പട്ടാളക്കാർക്ക് ഗുരുതരമായി പരിക്കേറ്റെന്നും ഇവരിൽ ചിലർ കൊല്ലപ്പെട്ടെന്നും ഇന്ത്യൻ സൈന്യത്തെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട്‌ ചെയ്തു.

ഇന്നലെ രാത്രിയോടെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ സമാധാന ചർച്ചയിലൂടെ വിഷയം പരിഹരിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്ന് വ്യക്തമാക്കി. ഇന്ത്യ സ്വന്തം അതിർത്തിക്കുള്ളിൽ നിന്നാണ് പ്രവർത്തിക്കുന്നത്. അത്‌ പോലെ ചൈനയും പ്രവർത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

അതേസമയം ഇന്ത്യാ – ചൈന സംഘര്‍ഷത്തില്‍ ഐക്യരാഷ്ട്രസഭ ആശങ്ക അറിയിച്ചു. രാജ്യങ്ങളുടെ വിശദീകരണങ്ങള്‍ നിരീക്ഷിക്കുകയാണെന്നും ഇരുരാജ്യങ്ങളും സംയമനം പാലിക്കണമെന്നും യുഎന്‍ അറിയിച്ചു.