India

അക്രമ സംഭവങ്ങള്‍ വര്‍ധിക്കുമ്പോഴും യാത്രക്കാര്‍ക്ക് മതിയായ സുരക്ഷയേര്‍പ്പെടുത്താതെ റയില്‍വെ

കവര്‍ച്ചയടക്കമുള്ള അക്രമ സംഭവങ്ങള്‍ വര്‍ധിക്കുമ്പോഴും യാത്രക്കാര്‍ക്ക് മതിയായ സുരക്ഷയേര്‍പ്പെടുത്താതെ റയില്‍വേ.ആവശ്യമുള്ളതില്‍ പകുതിയില്‍ താഴെ ഉദ്യോഗസ്ഥരാണ് റയില്‍വെ സുരക്ഷാ സേനയിലുള്ളത്. ടിടിഇമാരുടെ ഒഴിവുകളും നികത്താന്‍ റയില്‍വേ തയ്യാറാകുന്നില്ല..

ആഴ്ചകള്‍ക്ക് മുമ്പ് ഒരേ ദിവസം ചെന്നൈ മംഗലൂരു എക്സ്പ്രസിലും മലബാര്‍ എക്സ്പ്രസിലും വന്‍കവര്‍ച്ച നടന്നത് ഏവരെയും ഞെട്ടിച്ചിരുന്നു. മതിയായ സുരക്ഷ യാത്രക്കാര്‍ക്ക് ഒരുക്കാന്‍ റയില്‍വേ തയ്യാറാകാത്തതാണ് മോഷ്ടാക്കള്‍ക്ക് അനുഗ്രഹമാകുന്നത്. റയില്‍വേയില്‍ സുരക്ഷ ഏര്‍പ്പെടുത്തേണ്ട സുരക്ഷാ ഉദ്യോഗസ്ഥരുടെ കണക്ക് ഇനി നോക്കാം. തിരുവനന്തപുരം പാലക്കാട് ഡിവിഷനുകളിലായി റയില്‍വേ സുരക്ഷാ സേനയില്‍ ആവശ്യമുള്ളത് ആയിരത്തിയഞ്ഞൂറോളം ഉദ്യോഗസ്ഥരെ. എന്നാല്‍ നിലവിലുള്ളത് ആറുനൂറ് പേര്‍ മാത്രം.അവശേഷിക്കുന്ന ഒഴിവുകള്‍ നികത്താന്‍ റയില്‍വേ തയ്യാറായിട്ടില്ല. ടിടിആറുമാരുടേയും സ്ഥിതി ഇതു തന്നെയാണ്.സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടിയാണ് ഒഴിവുകള്‍ നികത്താന്‍ റയില്‍വേ തയ്യാറാകാത്തത്.

സംസ്ഥാനത്ത് ഓടുന്ന 240 ട്രെയിനുകളിലായി ശരാശരി മൂന്ന് ലക്ഷം യാത്രക്കാര്‍ സഞ്ചരിക്കുന്നുണ്ടെന്നാണ് കണക്ക്.അതായത്കഴിഞ്ഞ പതിനഞ്ച് വര്‍ഷം കൊണ്ട് യാത്രക്കാരുടെ എണ്ണം മൂന്നിരട്ടിയായി.പക്ഷേ വിവിധ വകുപ്പുകളില്‍ പകുതിയോളം തസ്തികകളും ഒഴി‍ഞ്ഞു കിടക്കുകയാണ്. റയില്‍വെ പൊലീസിലും മതിയായ ഉദ്യോഗസ്ഥരില്ല.റയില്‍വെ സ്റ്റേഷനുകളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള സിസിടിവികള്‍ ഭൂരിഭാഗവും പ്രവര്‍ത്തനരഹിതവുമാണ്.